ഹരിയാന: പ്രശസ്ത നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാത്രിയോടെ പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തെത്തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായാണ് വിവരം.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ചുരുങ്ങിയ കാലം കൊണ്ട് ഹരിയാനവി സംഗീത-സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ്.അൻപതിലധികം ഹരിയാനവി മ്യൂസിക് വീഡിയോകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകൻ മസൂം ശർമയ്ക്കൊപ്പം ദിവ്യാങ്ക അഭിനയിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുപ്പതാം വയസ്സിലെ ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ഹരിയാനവി സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുമായി 1.3 മില്യണിലധികം ഫോളോവേഴ്സുള്ള താരം സോഷ്യൽ മീഡിയയിലെ സ്വാധീനശക്തി കൂടിയായിരുന്നു.സോഷ്യൽ മീഡിയയിലൂടെ നിരവധി സഹപ്രവർത്തകരും ആരാധകരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

