Friday, March 29, 2024
spot_img

തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

ശബരിമല: തുലാമാസപൂജകൾക്കായി ശബരിമല (Sabarimala) നട ഇന്ന് തുറക്കും. ദർശനത്തിന് വെർച്വൽ ക്യു വഴിയാണ് ബുക്കിംഗ് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക.ഈ മാസം 21വരെയാണ് പൂജകൾ. നാളെ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും.

പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും, അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനം നടത്താൻ അനുവദിക്കുക.

അതേസമയം ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു പ്രത്യേക പൂജകളില്ല. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഞായറാഴ്ച ഉഷഃപൂജയ്ക്കു ശേഷം നടക്കും. 21-ന് രാത്രി നടയടയ്ക്കും.

Related Articles

Latest Articles