Monday, April 29, 2024
spot_img

വര്‍ഷത്തിലെന്നും ഇവിടെ വിദ്യാരംഭം നടത്താം..!

വര്‍ഷത്തിലെന്നും ഇവിടെ വിദ്യാരംഭം നടത്താം..! | NAVARATHRI

കേരളത്തിലെ പുരാതനമായ സരസ്വതി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ആവണംകോട് സരസ്വതി ക്ഷേത്രം (Avanamcode Saraswathi Temple). കുഞ്ഞുങ്ങൾക്ക് അറിവിന്റെ കൈത്തിരി പകരുന്ന, അക്ഷരലോകത്തേയ്ക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന ക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. നെടുമ്പാശ്ശേരിക്ക് സമീപമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സരസ്വതീ ദേവീയുടെ പ്രതിഷ്ഠ കൂടാതെ ദേവിയുടെ വാഹനമായ സിംഹത്തിന്റെയും ഒപ്പം ഗണപതിയുടെയും പ്രതിഷ്ഠ ഇവിടെ കാണാം. മിഥുന മാസത്തിലെ പൂയം നാളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം.

സരസ്വതി ക്ഷേത്രമായതിനാൽ ഇവിടുത്തെ ഏറ്റവും പ്രധാന ദിനങ്ങൾ നലരാത്രിയുടെയും വിജയ ദശമിയുടെയും ദിനങ്ങളാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ പ്രാര്‍ഥനയ്ക്കും കുട്ടികളെ എഴുത്തിനിരുത്തുവാനുമായി ഇവിടെ എത്തുന്നത്. സാധാരണ എല്ലായിടങ്ങളിലും വിജയദശമി ദിനത്തിൽ മാത്രമാണ് വിദ്യാരംഭം നടത്തുന്നത്. എന്നാൽ ഇവിടെ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ വിജയദശമി വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിലെ ഏതു ദിവസവും ആവണംകോട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നതിന് ഉചിതമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മിക്ക ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടക്കാറുണ്ട്.

ക്ഷേത്രത്തെ സംബന്ധിച്ച് ഒട്ടേറെ വിശ്വാസങ്ങളും കഥകളും പ്രചാരത്തിലുണ്ട്. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ഒരു ശിലയാണത്രെ. അതിന്‍റെ കൂടുതല്‍ ഭാഗവും ഭൂമിക്കടിയിലാണുള്ളത്. പരശുരാമനാണ് ഇവിടുത്തെ സ്വയംഭൂപ്രതിഷ്ഠ കണ്ടെത്തിയത് എന്നുമൊരു വിശ്വാസമുണ്ട്. പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടെ ദേവിയുള്ളത്.

Related Articles

Latest Articles