Wednesday, May 1, 2024
spot_img

രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യം; സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് രാജ്‌നാഥ് സിംഗ്

ദില്ലി: രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ കൈവശമുള്ള ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

‘സിപിഎം പറഞ്ഞതിനെ കുറിച്ച് കോൺഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കണം. അധികാരത്തിൽ എത്തിയാൽ രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്നാണ് സിപിഎം പറയുന്നത്. 1974ൽ ഇന്ദിരാഗാന്ധിയുടെ സമയത്താണ് ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്. ചൈന തുടർച്ചയായി ആണവ പരീക്ഷണങ്ങൾ നടത്തുകയും പാകിസ്ഥാൻ ആണവപരീക്ഷണത്തിന് തുടക്കമിടുകയും ചെയ്തതോടെയാണ് ഇന്ത്യയിലും ഈ ആവശ്യം ശക്തമായത്.

പിന്നീട് അടൽ ബിഹാരി വാജ്‌പേയ് അധികാരത്തിൽ എത്തിയപ്പോൾ അഞ്ച് ആണവ പരീക്ഷണങ്ങൾ വിജയകരമായി നടത്തി. ആണവശക്തിയെന്ന പദവി നേടിയെടുക്കാൻ ഈ നീക്കത്തിലൂടെ ഇന്ത്യയ്‌ക്ക് സാധിച്ചു. ഇടതുപക്ഷവും കോൺഗ്രസും രാജ്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാജ്യസുരക്ഷയെ ഇല്ലാതാക്കുമെന്നാണ് സിപിഎം ഇവിടെ പറഞ്ഞിരിക്കുന്നത്.

ആണവായുധങ്ങൾക്ക് പുറമെ എല്ലാ രീതിയിലുമുള്ള രാസ-ജൈവ ആയുധങ്ങൾ പൂർണമായി ഇല്ലാതാക്കുമെന്നാണ് സിപിഎം വാഗ്ദാനം. ഇന്ത്യയുടെ അയൽരാജ്യങ്ങൾ ആണവ ശക്തികളാണെന്നിരിക്കെ, സ്വന്തം രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വച്ച് കളിക്കുന്നതിന് തുല്യമാണ്. ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇവിടെ തെളിഞ്ഞിരിക്കുന്നതെന്നും’ രാജ്‌നാഥ് സിംഗ് വിമർശിച്ചു.

Related Articles

Latest Articles