Saturday, May 4, 2024
spot_img

പകർന്നാട്ടങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടംനേടിയ മലയാളത്തിന്റെ മഹാനടൻ, നവതിയുടെ നിറവിൽ മലയാള സിനിമയുടെ ‘കാരണവർ’; മധുവിന് ഇന്ന് 90ാം പിറന്നാൾ

മലയാള സിനിമാലോകത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. പകർന്നാട്ടങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടംനേടിയ മലയാളത്തിന്റെ മഹാനടൻ, നവതിയുടെ നിറവിലും യൗവനത്തിന്‍റെ പ്രസന്നതയിലാണ്. നീണ്ട അറുപത് വർഷത്തെ സിനിമാ ജീവിതത്തിൽ നായക കഥാപാത്രമായി മാത്രം ഒതുങ്ങിനിൽക്കാതെ, പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും തിരശീലയ്ക്ക് പിന്നിൽ സംവിധായകനായും നിർമ്മാതാവായുമൊക്ക കൈയൊപ്പ് ചാർത്തിയ മധുവിന്റെ 90-ാം ജന്മദിനം തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജന്മനാട് ആഘോഷിക്കുന്നത്. ‘മധുമൊഴി ഇതിഹാസപർവം” എന്ന പരിപാടി ഇന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:15ന് ആരംഭിക്കും.

തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി മാധവൻ നായർ എന്ന മധു ജനിച്ചത്. 1958ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിലെത്തുന്ന ഏക മലയാളിയായിരുന്നു. രാമു കാര്യാട്ടുമായുള്ള അടുപ്പമാണ് ‘മൂടുപടം’ എന്ന ചിത്രത്തിലേക്ക് വഴി തുറന്നത്. എന്നാൽ ആദ്യം പുറത്തുവന്നത് ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ്. 1969ൽ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി.

ഓളവും തീരവും, ഏണിപ്പടികൾ, ഭാർഗവീ നിലയം, ഇതാ ഒരു മനുഷ്യൻ, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാൻ, നരൻ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളിലെ തലപ്പൊക്കമായി മധു. നിത്യഹരിത നായകരായി സത്യനും പ്രേംനസീറും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിലേക്കെത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി.

വിഖ്യാത എഴുത്തുകാരായ ബഷീർ, എം.ടി വാസുദേവൻ നായർ, പാറപ്പുത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള അവസരം മധുവിന് ലഭിച്ചു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്.. തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ ലിപികളിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 2004 ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

Related Articles

Latest Articles