Sunday, April 28, 2024
spot_img

മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനം; നാഗസാക്കിയെ നടുക്കിയ അണുബോംബ് ആക്രമണത്തിന് ഇന്ന് 77 വയസ്സ്

ടോക്കിയോ: ഇന്ന് നാഗസാക്കി ദിനം. 77 വർഷം മുൻപ് ഇതേ ദിനത്തിലാണ് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വീണത്. മനുഷ്യസമൂഹത്തിന് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ആണ് അന്ന് സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണം നടത്തിയത് നാഗസാക്കിയിലായിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടു തവണ രണ്ടിടത്താണ് അമേരിക്ക ബോംബിട്ടത്. 1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലുമാണ് ആണവ ബോംബുകൾ വർഷിച്ചത്. രണ്ടു ബോംബാക്രമണത്തിലുമായി നിമിഷ നേരം കൊണ്ട് വധിക്കപ്പെട്ടത് 1,40,000 ജനങ്ങളാണ്. എന്നാൽ മൂന്നു തലമുറയെ വിടാതെ ഇന്നും പിന്തുടരുന്ന ആണവ വികരണം അഞ്ചു ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു. ഒരു മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനങ്ങളായിരുന്നുവത്. ഇനിയൊരിക്കലും ഹിരോഷിമകളും നാഗസാക്കികളും ലോകത്ത് ആവർത്തിക്കാതിരിക്കട്ടെയെന്ന് സമാധാനകാംക്ഷികൾ ലോകത്ത് ആവശ്യമുയർത്തുന്നു.

1945 ആഗസ്റ്റ് 9ന് രാവിലെ 11.02നാണ് നാഗസാക്കിയിൽ ബോംബിട്ടത്. ബി-29 ബോംബർ വിമാനമായ ബോംബ്‌സ്‌കാർ പുറപ്പെട്ടത് ജപ്പാനിലെ കോക്കൂറ നഗരത്തിൽ ബോംബിടാനായിരുന്നു. എന്നാൽ കനത്ത മേഘപടലം കാരണം ലക്ഷ്യം മാറ്റി നാഗസാക്കി യിൽ ബോംബിടുകയായിരുന്നു. പ്ലൂട്ടോണിയം 239 നിറച്ച ബോംബാണ് ജനലക്ഷങ്ങളെ അഗ്നിഗോളത്താൽ മൂടിയത്. യുഎസിന്റെ അണുബോംബ് വികസനം മുതൽ ജപ്പാനിൽ അതിന്റെ വർഷിക്കൽ വരെയുള്ള സംഭവങ്ങളിൽ വളരെ പ്രശസ്തരായ വ്യക്തികളും ഏടുകളും ധാരാളമുണ്ട്.

ലിറ്റിൽ ബോയ് എന്ന് പേരിട്ട ആണവ ബോംബ് ഹിരോഷിമയിലും മൂന്ന് ദിവസത്തെ ഇടവേളയിൽ ഫാറ്റ്മാൻ എന്ന രണ്ടാമത്തെ ബോംബ് നാഗസാക്കിയിലും അമേരിക്ക വർഷിച്ചു. രണ്ടു നഗരങ്ങളേയും അക്ഷരാർത്ഥത്തിൽ ആണവാക്രമണം പ്രേതഭൂമിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ഇതിനെ തുടർന്ന് ജപ്പാൻ ആഗസ്റ്റ് 15ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു. പ്രശസ്ത വിമാനനിർമാണ കമ്പനിയായ ബോയിങ്ങാണ് ഇനോള ഗേ ഉൾപ്പെടുന്ന ബി29 വിമാനങ്ങൾ രൂപകൽപന ചെയ്തതും നിർമിച്ചതും. ഉയരത്തിൽ നിന്നും താഴ്ചയിൽ നിന്നും ബോംബ് വർഷിക്കാനും മൈനുകൾ വിതറാനും ശേഷിയുള്ള സൂപ്പർഫോർട്രസ് ഗണത്തിൽപെടുന്ന വിമാനമായിരുന്നു ഇത്.

ലോകശക്തികളുടെ കിടമത്സരം വീണ്ടും നീണ്ടുപോയത് ഐക്യരാഷ്‌ട്രസഭയുടെ നടപടികളേയും സ്വാധീനിച്ചു. 2010ലാണ് ആദ്യമായി ഐക്യരാഷ്‌ട്ര സഭയുടെ ഒരു സെക്രട്ടറി ജനറൽ ജപ്പാനിലെ അനുസ്മരണ പരിപാടിയ്‌ക്ക് എത്തുന്നത്. ബാൻ കീ മൂണാണ് അനുസ്മരണ പരിപാടിയ്‌ക്കായി ആദ്യമായി ജപ്പാനിലെത്തിയ ആദ്യ സെക്രട്ടറി ജനറൽ എന്നതും ചരിത്രമാണ്.

ഇത്തവണത്തെ ഹിരോഷിമ ദിനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെ അപലപിച്ചുകൊണ്ടാണ് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചത്. ലോകം ഇന്ന് നിറതോക്കുമായി നീങ്ങുകയാണ്. മാനവരാശിയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ടവർ നടത്തുന്ന പോരാട്ടം ഏറെ ദു:ഖകരവും അപലപനീയവുമാണെന്ന് ഗുട്ടാറസ് പറഞ്ഞു. എല്ലാ വർഷവും ജപ്പാൻ ജനത തങ്ങൾക്കേറ്റ ദുരന്തത്തെ ഓർക്കാൻ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ആചരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങളിൽ ഇന്ന് അമേരിക്ക ജപ്പാനൊപ്പമാണെന്നതും കാലത്തിന്റെ മാറ്റമാണ്.

നാഗസാക്കി ഈ ലോകത്തിന്റെ മുഴുവൻ ഓർമയാണ്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു നാഗസാക്കി ദിനവും കടന്നുപോവുന്നത്.

Related Articles

Latest Articles