കൊച്ചി: കൊച്ചി മെട്രോയിൽ(kochi metro) ഗതാഗത നിയന്ത്രണം. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇതേതുടർന്ന് തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകൾ കുറച്ചു.
മാത്രമല്ല ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിൽ മാത്രമാകും നടത്തുക.
നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്. അതേപോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേയ്ക്ക് ഏഴു മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റും ഇടവിട്ട് ട്രെയിന്‍ ഉണ്ടാകുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

