Thursday, September 24, 2026

പ്രധാനമന്ത്രിയുടെ സന്ദർശനം; ഗതാഗത നിയന്ത്രണങ്ങൾ ശക്തം, കനത്ത സുരക്ഷയിൽ തലസ്ഥാന നഗരി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ സർവീസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുകയാണ്.മലയാളികൾ സ്വാപനം കണ്ട പദ്ധതിക്കാണ് ഇന്ന് പ്രധാനമന്ത്രി ചിറക് നൽകുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനനഗരി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിൻ തുടങ്ങിയവയ്ക്ക് ശക്തമായ ഗതാഗത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കി. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാണ്. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

തമ്പാനൂരിൽ നിന്നുളള ബസുകൾ വികാസ് ഭവനിൽ നിന്ന് പുറപ്പെടും.രാവിലെ ഏഴുമണിമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‌ക്വയർ, ആർ.ബി.ഐ., ബേക്കറി ജങ്ഷൻ, പനവിള, മോഡൽ സ്‌കൂൾ ജങ്ഷൻ, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, ബേക്കറി ജങ്ഷൻ, വാൻറോസ്‌, ജേക്കബ്‌സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലുമാണ് നിയന്ത്രണം. റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. സെൻട്രൽ റെയിൽവെ സ്റ്റേഷന്‍റെ ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാകും. ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കേണ്ട ചില എക്സ്പ്രസ് ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും

Related Articles

Latest Articles