ദില്ലി: മൊബൈൽ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുമായി (TRAI) ട്രായ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു മാസം കാലാവധിയില്‍ പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് മൊബൈല്‍ സേവനദാതക്കളോട് ട്രായ് ആവശ്യപെട്ടു. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന ഒരു റീചാർജ് പ്ലാനെങ്കിലും (പ്ലാൻ വൗച്ചർ,സ്പെഷൽ താരിഫ് വൗച്ചർ,കോംബോ വൗച്ചർ) എല്ലാ ടെലികോം സേവനദാതാക്കളും നൽകണമെന്ന് ട്രായ് ഉത്തരവിട്ടു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയോടാണ് 30 ദിവസത്തെ വാലിഡിറ്റി കാലയളവ് നൽകുന്ന ഒരു താരിഫ് പ്ലാനെങ്കിലും അവതരിപ്പിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 1999ലെ ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറാണ് ഭേദഗതി ചെയ്തത്.
നിലവിൽ പ്രതിമാസ റീചാർജ് ആയി ലഭിക്കുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതൽ പണം ഈടാക്കാനുള്ള വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ട്രായ് ഇത് സംബന്ധിച്ച പൊതുജനാഭിപ്രായം സ്വീകരിച്ചത്.
ഈ നിയമം നടപ്പിലാക്കുന്നത് ടെലികോം സേവനങ്ങളുടെ വരിക്കാർക്ക് ഗുണം ചെയ്യുമെന്നും താരിഫ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുമെന്നും ട്രായ് വ്യക്തമാക്കി. അതേസമയം ട്രായിയുടെ ഈ ഉത്തരവിനെതിരെ ടെലികോം കമ്പനികൾ രംഗത്തെത്തി. 28 ദിവസമോ 54 ദിവസമോ 84 ദിവസമോ വാലിഡിറ്റിയുള്ള ഏതെങ്കിലും പ്ലാൻ മാറ്റുന്നത് ബിൽ സൈക്കിളിൽ വളരെയധികം തടസ്സമുണ്ടാക്കുമെന്നാണ് ടെലികോം കമ്പനികൾ പറയുന്നു.

