ചെന്നൈ: തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ട്രാൻസ് വുമൺ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച് തമിഴ് ജനത. തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ് വുമൺ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡി എം കെ സ്ഥാനാർത്ഥി റിയയാണ് മികച്ച വിജയം സ്വന്തമാക്കിയത്. 950 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് 30 കാരിയായ റിയ നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് നഗരസഭയിൽ വിജയിച്ചത്.
എ ഐ എ ഡി എം കെ സ്ഥാനാർഥി കണ്ടമ്മാളിനെയാണ് റിയ പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാൾ 1751 വോട്ടും നേടി. മുഴുവൻ ട്രാൻസ് ജൻഡർ സമൂഹത്തിനും വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാർട്ടി അധ്യക്ഷൻ സ്റ്റാലിന് ഈ വിജയം സമർപ്പിക്കുന്നതായും വിജയത്തിനുപിന്നാലെ റിയ വ്യക്തമായി. ഡി എം കെ എംപി കനിമൊഴിക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു റിയ.

