Wednesday, May 8, 2024
spot_img

തിരുവനന്തപുരം നഗരസഭയിൽ വെട്ടിപ്പ് നടന്നത് ‘ഈ’ മന്ത്രിയുടെ ഒത്താശയോടെ ?

തിരുവനന്തപുരം നഗരസഭയിൽ വെട്ടിപ്പ് നടന്നത് ‘ഈ’ മന്ത്രിയുടെ ഒത്താശയോടെ ? | TRIVANDRUM CORPORATION

തിരുവനന്തപുരം നഗരസഭയിലെ (Trivandrum Corporation) നികുതിവെട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും നേമം സോണൽ ഓഫീസിലെ ക്യാഷറുമായ സുനിത അറസ്റ്റിൽ. ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്റ് ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. സുനിത അടക്കമുള്ള പ്രതികളുടെ മുൻകൂ‌ർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. ഈ ദിവസങ്ങളിൽ നികുതി പിരിച്ച തുക ബാങ്കിൽ അടയ്ക്കാതെ ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നരവർഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും തട്ടിപ്പിൽ അറസ്റ്റ് വൈകുന്നതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം 5,12,000 രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണൽ ഓഫീസിൽ നടന്നിട്ടുള്ളത്. നികുതി ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ പിരിഞ്ഞ് കിട്ടിയ പണത്തിന്റെ കണക്കിൽ കൃത്രിമം കാണിച്ച് തട്ടിയെടുത്തുവെന്നാണ് ബിജുവിന് എതിരായ ആരോപണം. കാഷ്യർ നിക്ഷേപിക്കാൻ നൽകിയ പണം ബിജു നിക്ഷേപിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബിജുവിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് ബിജെപി. ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി.വി രാജേഷ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കൃത്യമായ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസിന്റെ നടപടി ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. അതിനിടെ നഗരസഭാ കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം 17 ാം ദിവസത്തിലേക്ക് കടന്നു.

ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് സമരത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് വി.വി രാജേഷ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്നതിൽ മന്ത്രിയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. മന്ത്രിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും വി.വി രാജേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കൗൺസിലർമാരുടെ തീരുമാനം. തട്ടിപ്പ് നടത്തിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയില്ല.മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് സംവിധാനം എന്തിനാണെന്നും ബിജെപി ചോദിച്ചു. നികുതി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം. സമരത്തിന് പിന്തുണ നൽകി തിങ്കളാഴ്ച യുവമോർച്ച നഗരസഭയിലേക്ക് മാർച്ച് നടത്തും. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

Related Articles

Latest Articles