പയ്യന്നൂർ: മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ബാലതാരമായി ശ്രദ്ധേയനായ ഹരിമുരളിയെ (ബാലമുരളി) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നിലവിൽ വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
പ്രശസ്ത നാടക-സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും (കെ.യു. മുരളി) പ്രസന്നയുടെയും മകനാണ് ഹരിമുരളി. ലാൽ ജോസ് ചിത്രം ‘രസികൻ’, മമ്മൂട്ടി ചിത്രങ്ങളായ ‘അണ്ണൻ തമ്പി’, ‘മാടമ്പി’ തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി ഹരിമുരളി വേഷമിട്ടിട്ടുണ്ട്. ജനപ്രിയ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു.
നിലവിൽ മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

