Thursday, May 2, 2024
spot_img

ഇരുപത് തായ് പൗരന്മാർ ഇപ്പോഴും തടവിൽ; ഹമാസ് വിട്ടയച്ചവരുടെ ചിത്രം പുറത്ത് വിട്ട് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം

ബാങ്കോക്ക്: ഹമാസിന്റെ പിടിയിൽ 20 പേർ കൂടിയുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം. തായ് പൗരന്മാരായ 10 പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇവർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. 48 മണിക്കൂറിന് ശേഷം ഇവരെ തിരികെ നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇവരുടെ മോചനത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രസ്താവയിൽ പറയുന്നു.

വിട്ടയ്‌ക്കപ്പെട്ട 10 പേരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേലിലെ മെഡിക്കൽ സെന്ററിൽ ഡോക്ടറോടൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തായ് പൗരന്മാരുടെ മോചനത്തിന് ഇസ്രായേൽ-ഹമാസ് കരാറുമായി യാതൊരു ബന്ധവും ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഹമാസുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇവരെ വിട്ടയയ്‌ക്കുന്നത്.

ഇസ്രായേൽ, തായ്, ഫിലിപ്പീൻസ് പൗരന്മാർ ഉൾപ്പെടെ 24 പേരെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹമാസ് മോചിപ്പിച്ചത്. നാല് ദിവസം 50 ബന്ദികളെ വിട്ടയയ്‌ക്കുമെന്നാണ് ഹമാസ്-ഇസ്രായേൽ കരാറിൽ പറയുന്നത്. ഇന്നലെ മോചിപ്പിക്കപ്പെട്ടവരിൽ 13 ഇസ്രായേൽ പൗരന്മാരാണുള്ളത്. വരുന്ന നാല് ദിവസത്തേക്കാണ് നിലവിൽ കരാർ പ്രകാരം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കുന്ന മുറയ്‌ക്ക് വെടിനിർത്തൽ നീട്ടുമെന്നും കരാറിൽ പറയുന്നു.

Related Articles

Latest Articles