കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 സൈനികർ കൂടി വീരമൃത്യു വരിച്ചു

0
army
army

ദില്ലി:ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർ കൂടി വീരമൃത്യു വരിച്ചു. സുബേദാർ അജയ് സിങ്, നായ്ക് ഹരേന്ദ്ര സിങ് എന്നിവരാണു മരിച്ചതെന്നു സേന അറിയിച്ചു. ഇതോടെ, ഒരാഴ്ചയ്ക്കിടെ പൂഞ്ചിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ എണ്ണം 9 ആയി. ഉത്തരാഖണ്ഡ് സ്വദേശികളായ റൈഫിൾമാൻ യോഗംബർ സിങ്, റൈഫിൾമാൻ വിക്രം സിങ് നേഗി എന്നിവർ കഴിഞ്ഞ ദിവസം വീരമൃത്യു മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാളിയടക്കം 5 പേരും വെള്ളിയാഴ്ച രണ്ടു പേരും കൊല്ലപ്പെട്ടു.

പാക്ക് അധിനിവേശ കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണു ജമ്മു–രജൗരി അതിർത്തിയിലെ വനത്തിനുള്ളിൽ ഒളിച്ചിരുന്നു സേനാംഗങ്ങളെ ആക്രമിച്ചത്. ഇവരെ തുരത്താൻ ഏതാനും ദിവസങ്ങളായി മേഖലയിൽ സേന തിരച്ചിൽ നടത്തിവരികയാണ്.

ഇതിനിടെ, പാംപോറിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉമർ മുഷ്താഖ് ഖണ്ഡേ ഉൾപ്പെടെ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിൽ അടുത്തിടെ 2 പൊലീസുകാരെ കൊലപ്പെടുത്തിയതു ഖണ്ഡേയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീർ താഴ്‍വരയിൽ സേന വധിച്ച ഭീകരരുടെ എണ്ണം 13 ആയി.

പുൽവാമയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർ കൊല്ലപ്പെട്ടു. യുപി സ്വദേശി സഗീർ അഹമ്മദ്, ബിഹാറിൽ നിന്നുള്ള വഴിയോര കച്ചവടക്കാരൻ അരവിന്ദ് കുമാർ എന്നിവരാണു മരിച്ചത്. പുൽവാമയിലെ കകപൊറ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. ഇവരെ കണ്ടെത്താൻ സേന തിരച്ചിൽ ആരംഭിച്ചു.