ശ്രീനഗർ: ഗ്രനേഡ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സിആർപിഎഫ് ജവാൻ(Two cops injured in Rainawari grenade attack). ജമ്മുകശ്മീരിലാണ് സംഭവം. ശ്രീനഗറിലെ രൈനവാരി പ്രദേശത്താണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു പോലീസുകാരനും പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് ഗ്രനേഡ് എറിഞ്ഞതെങ്കിലും ഉന്നംതെറ്റി റോഡിലേക്കാണ് പതിച്ചത്.
ഉന്നംതെറ്റിയതുകൊണ്ടാണ് ഉദ്യോഗസ്ഥർ പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് ശ്രീനഗർ എസ്എസ്പി അറിയിച്ചു. ഗ്രനേഡ് എറിഞ്ഞതിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സമീപത്തെ വഴിയിലൂടെ പോകുകയായിരുന്ന മൂന്ന് സാധാരണക്കാർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
എന്നാൽ ഇക്കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ശ്രീനഗറിലെ മാർക്കറ്റിലാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിരുന്നു.

