കോഴിക്കോട് : ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദുരന്തമുണ്ടായത്. റിനീഷ് കൂരാച്ചുണ്ട്,അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.
വൈകുന്നേരം4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയതായിരുന്നു തൊഴിലാളികൾ. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം ഇരുവരെയും പുറത്തെടുത്ത് 800 മീറ്റർ മാത്രം അകലെയുള്ള മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

