Saturday, October 17, 2026

ചൈനയെ തകർത്തെറിഞ്ഞ് ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്! മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, ഷാങ്ഹായിൽ 1300-ലേറെ സർവീസുകൾ റദ്ദാക്കി

ബെയ്ജിങ് : ചൈനയുടെ കിഴക്കൻ തീരത്ത് ശക്തമായ നാശനഷ്ടങ്ങൾ വിതച്ച് ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ജെജിയാങ് പ്രവിശ്യയിലെ തൈഷൗ നഗരത്തിലാണ് കരതൊട്ടത്. സുരക്ഷ മുൻനിർത്തി മൂന്ന് ലക്ഷത്തിലധികം ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചിട്ടുണ്ട്. ഷാങ്ഹായിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങളും 1300-ലധികം വിമാന സർവീസുകളും ചുഴലിക്കാറ്റിനെ തുടർന്ന് റദ്ദാക്കി.

കനത്ത മഴയെത്തുടർന്ന് കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷാങ്ഹായിലെ ഹോങ്ക്യോ, പുഡോങ് വിമാനത്താവളങ്ങളിലെ സർവീസുകളാണ് പ്രധാനമായും തടസ്സപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഫെറികളും ക്രൂയിസ് സർവീസുകളും പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം, ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഫിലിപ്പീൻസിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഫിലിപ്പീൻസിലെ ബാഗിയോ നഗരത്തിലുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ തകർന്നു വീഴുകയും ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി നിരവധി നഗരങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles