Saturday, September 19, 2026

പൊരുതി വീണ് കൗമാരപ്പടയും ! U-19 ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്! കലാശപ്പോരിൽ ഇന്ത്യയെ 79 റൺസിന് പരാജയപ്പെടുത്തി

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 79 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയൻ കൗമാരപ്പട കിരീടത്തിൽ ചുംബനമിട്ടു. ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കൾ ഉയർത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് എല്ലാവരും പുറത്തായി. കഴിഞ്ഞ കൊല്ലത്തെ സീനിയർ ഏകദിന ലോകകപ്പിന് സമാനമായി അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറിയ ഇന്ത്യൻ ടീമിന് കലാശപ്പോരിൽ ഓസീസിനു മുന്നില്‍ അടിപതറുകയായിരുന്നു.

സാമാന്യം അപ്രാപ്യമല്ലാതിരുന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻ നിരയിൽ അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (8), സച്ചിന്‍ ദാസ് (9), പ്രിയാന്‍ഷു മോലിയ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് പരാജയത്തിന്റെ തോത് കുറച്ചത്. എട്ടാമനായി ക്രീസിലെത്തിയ മുരുഗന്‍ അഭിഷേക നടത്തിയ മിന്നലാട്ടം ആരാധകർക്ക് ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകി. 46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരുഗനാണ് സ്‌കോര്‍ 150 കടത്തിയത്. പിന്നീട് രണ്ടക്കം കടക്കാനായത് 22 റണ്‍സെടുത്ത മുഷീര്‍ ഖാനും 14 റണ്‍സെടുത്ത നമന്‍ തിവാരിക്കും മാത്രം.

ഓസീസിനായി മഹ്ലി ബിയേര്‍ഡ്മാന്‍, റാഫ് മക്മില്ലന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കല്ലം വിഡ്‌ലെര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ വംശജന്‍ ഹര്‍ജാസ് സിങ്ങിന്റെയും ഹാരി ഡിക്സണ്‍, ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജെന്‍, ഒളിവര്‍ പീക്ക് എന്നിവരുടെയും ഇന്നിങ്സുകളാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

Related Articles

Latest Articles