Saturday, April 27, 2024
spot_img

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം! സനാതന ധർമ്മത്തിൽ പറഞ്ഞിരിക്കുന്ന അന്യന്റെ മുതലും രാഷ്ട്രത്തിന്റെ സമ്പത്തും അപഹരിക്കരുതെന്ന വാക്കുകൾ പാലിക്കാൻ കഴിയാത്ത സ്റ്റാലിന്റെ പാർട്ടിക്ക് എന്ത് സാമൂഹ്യ നീതിയാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാൻ കഴിയുന്നത്? രൂക്ഷ വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

തിരുവനന്തപുരം: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു.സനാതന ധർമ്മത്തെകുറിച്ചുള്ള അജ്ഞതയും ലോക വീക്ഷണമില്ലായ്മയുമാണ് ഇത്തരം പ്രസ്താവന വെളിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം സനാതന ധർമ്മത്തിൽ പറഞ്ഞിരിക്കുന്ന അന്യന്റെ മുതലും രാഷ്ട്രത്തിന്റെ സമ്പത്തും അപഹരിക്കരുതെന്ന വാക്കുകൾ പാലിക്കാൻ കഴിയാത്ത സ്റ്റാലിന്റെ പാർട്ടിക്ക് എന്ത് സാമൂഹ്യ നീതിയാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാൻ കഴിയുന്നത് എന്ന് തുറന്നടിച്ചു. കുടുംബാധിപത്യത്തിൻറയും അഴിമതിയുടെയും കഥകൾ മറച്ചുവയ്ക്കാനാണ് ഉദയനിധി സ്റ്റാലിൻ പ്രാദേശിക രാഷ്ട്രീയ ഭാഷാ വാദങ്ങൾ ഉയർത്തികൊണ്ടുവരുന്നതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു .

“സ്വാമി വിവേകാനന്ദന്റ 1893-ലെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കവടിയാർ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സനാതന ധർമ്മത്തിന്റെ മാനിഫെസ്റ്റോ ഉപനിഷത്തുകളിൽ പറഞ്ഞിട്ടുണ്ട്. അത്, അന്യന്റെ മുതലും രാഷ്ട്രത്തിന്റെ സമ്പത്തും അപഹരിക്കരുതെന്നാണ്.

അതിന് കഴിയാത്ത സ്റ്റാലിന്റെ പാർട്ടിക്ക് എന്ത് സാമൂഹ്യ നീതിയാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാൻ കഴിയുന്നത്.”ധർമത്തിലധിഷ്ഠിതമാണ് ഭാരതത്തിന്റെ നിലനിൽപ്. ധർമ്മം ഏതെങ്കിലും മതത്തിനോ, ജാതിക്കോ, ദേശത്തിനോ മാത്രമായിട്ടുള്ളതല്ല. സമ്പൂർണ മനുഷ്യരാശിയുടെ ക്ഷേമം ധർമ്മത്തിലൂടെ മാത്രമേ സാഫല്യമാക്കാൻ കഴിയുകയുള്ളു.

ഇന്ന് ഭാരതം ലോകത്തിന് മുന്നിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രമായി ഉയർന്നുവന്നത് സ്വാമി വിവേകാനന്ദന്റെ പ്രവർത്തനങ്ങൾ മൂലമാണ് . ഗ്ലേബൽ സൗത്തിന്റെ നേതൃത്വം ചൈനയ്ക്കല്ല അത് ഭാരതത്തിനാണെന്നാണ് ഈ കഴിഞ്ഞ ജി-20 നൽകിയ സന്ദേശം. ഒരു യുഗപരിവർത്തനത്തിന്റെ നാന്ദിയാണ് 2011-ന് ശേഷം ഭാരതത്തിൽ സംഭവിച്ചത്. കഴിഞ്ഞ 200 വർഷത്തിനിടെ ഭാരതത്തിൽ ഉണ്ടായ മാറ്റങ്ങൾ എന്തെന്ന് മനസിലാക്കാൻ കഴിയാത്ത കൂപമണ്ഡൂകങ്ങളാണ് ഭാരതത്തിന്റെ പൈതൃകത്തെ ആസൂത്രിതമായി അപമാനിക്കാൻ ഇറങ്ങിപ്പുറപെട്ടിട്ടുള്ളത്.

മഹർഷി അരവിന്ദൻ 1909-ൽ നടത്തിയ ഉത്തരപാറ പ്രസംഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സനാതന ധർമ്മത്തിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരത രാഷ്ട്രം പിറവി കൊണ്ടത് സനാതന ധർമ്മത്തിലൂന്നിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധർമ്മം തന്നെയാണ് ഭാരത ദേശീയത, അതുതന്നെയാണ് ഹിന്ദു സമൂഹത്തിന്റെ ആധാരശില.

ഇതിനെ കുറിച്ച് ധാരണയില്ലാത്തവരാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ് കോടാനുകോടി ജനങ്ങളെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. “- ആർ. സഞ്ജയൻ പറഞ്ഞു.

ഡോ. സി.വി.ജയമണി അദ്ധ്യക്ഷത വഹിച്ച പരിപാടി ഓ . രാജഗോപാൽ ഉദ്ഘാടനം ചെയ്തു . ഡോ. കെ.എം മധുസൂതനൻ പിള്ള, സംഘടനാ സെക്രട്ടറി വി.മഹേഷ്, ഡോ. വിജയകുമാരൻ നായർ, ഡോ. ശ്രീകലാദേവി, വിനോദ്, വി.എസ്. സജിത്ത്, ശശീന്ദ്രൻ . എസ്. രാജൻ പിള്ള തുടങ്ങിയവർ നേത്യത്വം നൽകി.

Related Articles

Latest Articles