തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ശനിയാഴ്ച മുഴുനീളെ നീണ്ടുനിന്ന കോൺഗ്രസ് നേതാക്കളുടെ ആഭ്യന്തര ചർച്ചകൾക്കും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് മുന്നണി എത്തിയത്. പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും തിങ്കളാഴ്ച ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മുഖ്യമന്ത്രി പദവിക്ക് പുറമെ 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ചീഫ് വിപ്പ് പദവികളും കോൺഗ്രസിനായിരിക്കും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിലുള്ളത്. ഏറെ ചർച്ചകൾക്കൊടുവിൽ ആഭ്യന്തര വകുപ്പ് നൽകി രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ ധാരണയായിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച രാവിലെ എ.ഐ.സി.സി ദേശീയ നേതൃത്വത്തിന് കൈമാറും. ഹൈക്കമാൻഡിന്റെ അനുമതിയോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഇതിനുപുറമെ മുതിർന്ന നേതാവ് എം.കെ. മുനീറിനായി ഉചിതമായ മറ്റൊരു പദവിയും നൽകും. ലീഗ് ക്യാമ്പിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എന്നിവരുടെ കാര്യത്തിൽ ഉറപ്പായിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എ.കെ.എം. അഷ്റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. തിങ്കളാഴ്ചയോടെ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോൺ മന്ത്രിയാകും.
ഒറ്റ അംഗം മാത്രമുള്ള ഘടകകക്ഷികളിൽ സി.എം.പി നേതാവ് സി.പി. ജോണിന് അഞ്ചുവർഷവും മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. എന്നാൽ കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും കെ.ഡി.പി നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കാനാണ് നിലവിലെ തീരുമാനം. ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനോട് മാണി സി. കാപ്പൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും ഔദ്യോഗിക പട്ടിക ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് നീക്കം.

