തന്റെ പുതിയ ചിത്രമായ ‘നല്ല സമയം’ തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിനു പിന്നാലെ ഒരുപാട് വിവാദങ്ങൾ നേരിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് തിയറ്ററിൽ നിന്നും ചിത്രം പിൻവലിക്കുന്നെന്ന തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
‘നല്ല സമയത്തിന്‍റെ’ ട്രെയിലർ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് എക്സൈസ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി, വിജീഷ, ഷാലു റഹീം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.

