Wednesday, September 30, 2026

യുഎന്‍ രക്ഷാസമിതി പരിഷ്‌കരണത്തിന് മോദിയുടെ ആഹ്വാനം. പൂര്‍ണ്ണ പിന്തുണയുമായി ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭാ (യുഎന്‍) രക്ഷാസമിതി അടിയന്തരമായി പരിഷ്‌കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. രക്ഷാസമിതി പരിഷ്‌കരണം ഇനിയും വൈകിക്കാനാകില്ലെന്ന ഇന്ത്യയുടെ നിലപാടിനോട് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പൂര്‍ണ്ണമായി യോജിച്ചു.അഞ്ച് സ്ഥിരാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള നിലവിലെ രക്ഷാസമിതി ഘടന 21-ാം നൂറ്റാണ്ടിലെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഡുജാറിക് വ്യക്തമാക്കി. 1945-ലെ ലോകക്രമത്തിന് അനുസരിച്ചുള്ള ഘടന തുടരുന്നതിന് പകരം 2026-ലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ യുഎന്നിലും മറ്റ് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും വരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ സംസാരിക്കവേയാണ് യുഎന്‍ രക്ഷാസമിതി പരിഷ്‌കരണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ഉന്നയിച്ചത്. നിലവിലെ ആഗോള ഭരണസംവിധാനം അധികാരം ഏതാനും രാജ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പിരമിഡ് പോലെയാണെന്നും, തീരുമാനങ്ങളുടെ പ്രത്യാഘാതം നേരിടുന്ന വികസിച്ചുവരുന്ന രാജ്യങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ അര്‍ഹമായ പങ്കാളിത്തമില്ലെന്നും മോദി പറഞ്ഞു. ഈ പിരമിഡ് ഘടനയ്ക്ക് പകരം എല്ലാ രാജ്യങ്ങള്‍ക്കും തുല്യ ശബ്ദവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പങ്കാളിത്ത പ്ലാറ്റ്ഫോം രൂപപ്പെടുത്തണമെന്നാണ് മോദിയുടെ നിര്‍ദേശം.

Related Articles

Latest Articles