Monday, April 29, 2024
spot_img

അതീവ സുരക്ഷാ മേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു; കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പൽ നിർമ്മാണശാലയും പട്ടികയിൽ

ദില്ലി : രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാർ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു അതീവ സുരക്ഷാ മേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പൽ നിർമ്മാണശാലയും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം പ്രാബല്യത്തിൽ വരും. മേഖലയിൽ കര്‍ശന സുരക്ഷാ നിരീക്ഷണവുമുണ്ടാകും. പൊതുജനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകും. മേഖലയിലെ വിവരങ്ങൾ പുറത്തുവന്നാൽ ശത്രുരാജ്യങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിജ്ഞാപനത്തിലുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവൽ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയിൽ ടാങ്ക്, കുണ്ടന്നൂര്‍ ഹൈേവയും വാക്‌വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവ സുരക്ഷാമേഖല. പ്രതിരോധ മന്ത്രാലയത്തിന്‍റെ സ്ഥാപനങ്ങളും മറ്റു പ്രവര്‍ത്തന സംവിധാനങ്ങളും മറ്റു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപങ്ങളുമാണ് ഇതില്‍പ്പെടുന്നത്.

തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്.

Related Articles

Latest Articles