ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാര്‍ക്ക് സമാനമായി 21 വയസാക്കാന്‍ ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2020 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹ് പ്രായം ഉയര്‍ത്തല്‍. ഇതിനായുള്ള നിയമഭേദഗതി ബിൽ പാർലമെന്റിൽ നടപ്പുസമ്മേളത്തിൽ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ഉദ്ദേശിച്ചാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവില്‍ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവാഹ പ്രായം ഉയര്‍ത്തുന്നതിനായി 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും. ഇതിനൊപ്പം സ്‌പെഷ്യല്‍ മാരേജ് ആക്ടിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് നീക്കം.
കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറില്‍ നിതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിവാഹ പ്രായം ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാന്‍ അനുമതി നല്‍കിയത്. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

