Monday, May 13, 2024
spot_img

2025 ഓടെ ചൈന അമേരിക്ക യുദ്ധമെന്ന് വ്യോമസേനാ തലവൻ; നിർണ്ണായക രാജ്യങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചൈന അതിക്രമം കാട്ടും; ലോകത്തെ ആശങ്കയിലാക്കി അമേരിക്കൻ ജനറലിന്റെ കത്ത്!

2025 ഓടെ അമേരിക്കക്ക് ചൈനയുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നും അതിനായി ഒരുങ്ങിയിരിക്കണമെന്നും അമേരിക്കൻ ജനറൽ മൈക്കിൾ മിനിഹാൻ. അമേരിക്കൻ വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവിയാണ് മിനിഹാൻ. സൈനികർക്കെഴുതിയ കത്തിലാണ് ഇക്കാര്യം അദ്ദേഹം പറയുന്നതെങ്കിലും ഇത് അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നല്‍കുന്ന ജനറലിന്റെ കത്ത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയിലും തായ്‌വാനിലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചൈന തായ്‌വാനില്‍ കടന്നുകയറാന്‍ സൈനികനീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് മിനിഹന്‍ കത്തില്‍ പറയുന്നത്. തായ്‌വാന്‍ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികള്‍ ശക്തിപ്പെടുന്നത് തായ്‌വാനിലേക്ക് കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് സംശയിക്കുന്നതായി നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്. തായ്‌വാനെ ചൈനയോട് കൂട്ടിച്ചേർക്കാൻ ആവശ്യമെങ്കിൽ ബലം പ്രയോഗിക്കുമെന്നത് ചൈനയുടെ പ്രഖ്യാപിത നിലപാടാണ്.

Related Articles

Latest Articles