Friday, May 17, 2024
spot_img

മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ തഹാവൂർ റാണെയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ കോടതിയുടെ അനുവാദം; ഇന്ത്യ കസ്റ്റഡിയിൽ വാങ്ങുന്നത് രാജ്യത്തിന്റെ ആത്മാവിന് മുറിവേറ്റ ആക്രമണത്തിന്റെ സൂത്രധാരൻ; ആക്രമണത്തിൽ റാണെയുടെ പങ്ക് തെളിഞ്ഞെന്ന് കോടതി

ദില്ലി: 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ കോടതിയുടെ അനുമതി. അമേരിക്കയിൽ അറസ്റ്റിലായിരുന്ന റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ദീർഘനാളായുള്ള അഭ്യർത്ഥന പരിഗണിച്ച കോടതി ഇന്നലെ റാണെയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. 10 ഭീകരർ രാജ്യത്തിനുള്ളിലേക്ക് കടന്നു കയറിയാണ് ആക്രമണം നടത്തിയത്. 60 ലധികം മണിക്കൂറുകൾ നീണ്ട ഓപ്പറേഷനൊടുവിലാണ് ഭീകരരെ രാജ്യം വകവരുത്തിയത്. ഈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് റാണെയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും റാണെക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി വിലയിരുത്തി. അന്താരാഷ്‌ട്ര ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുമായി ചേർന്നാണ് റാണെ പ്രവർത്തിച്ചിരുന്നത്.

ലഷ്‌കർ ഇ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണത്തിൽ മുഖ്യ പങ്കാളിയായ റാണെക്കെതിരെ രാജ്യദ്രോഹത്തിനും കൊലപാതകത്തിനും രാജ്യത്തിനെതിരെയുള്ള യുദ്ധത്തിനും കേസ്സെടുത്തിട്ടുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് അമേരിക്കൻ കോടതിയുടെ വിധി. റാണെയെ ഇന്ത്യക്ക് കൈമാറാനുള്ള ഇന്ത്യയുടെ വാദത്തെ പ്രതിഭാഗം കോടതിയിൽ ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. മുംബൈയിലെ താജ്, ഒബ്‌റോയ് ഹോട്ടലുകളും, നരിമാൻ പോയിന്റും, ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനുമടക്കം നിരവധി ജനനിബിഢ കേന്ദ്രങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. പാക് ഭീകരൻ അജ്‌മൽ കസബ് ജീവനോടെ പിടിക്കപ്പെട്ടതാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാൻ രാജ്യത്തിന് കഴിഞ്ഞത്. അജ്‌മൽ കസബിനെ പിന്നീട് വിചാരണക്ക് ശേഷം കോടതി വിധിയനുസരിച്ച് തൂക്കിലേറ്റി.

Related Articles

Latest Articles