Friday, May 17, 2024
spot_img

‘അജ്ഞാത കൊലയാളി’യെ തിരയാന്‍ ഇല്ലെന്ന് യു എസ്, തെളിയുന്നത് ഇന്ത്യയുടെ വിദേശയനയത്തിന്റെ ശക്തി

കുറേ കാലമായി പാക്കിസ്ഥാനില്‍ തലങ്ങും വിലങ്ങും നടക്കുന്ന കൊലപാതകങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.അജ്ഞാതനായ കൊലയാളി ആര് എന്നതിന് തെളിവില്ലാത്തതിനാല്‍ അതെല്ലാം ഇന്ത്യയുടെ പേരിലാക്കി നയതന്ത്രം നടത്തുകയായിരുന്നു പാക്കിസ്ഥാന്‍. വെടികൊണ്ടും വിഷം തീണ്ടിയും ശവക്കുഴിയിലെത്തിയവര്‍ക്കെല്ലാം തീവ്രവാദത്തിന്റെ ഭൂതകാലമുണ്ടായിരുന്നു. ഇന്ത്യാവിരുദ്ധ പ്രചരണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വിഷയം കണ്ടെത്തുന്നതിനിടെയിലും അണുപോലും പിഴക്കാത്ത ഉന്നവുമായി അജ്ഞാതന്‍ പല തലകളും തിരഞ്ഞുനടക്കുകയായിരുന്നു. അന്താരാഷ്ട്രരംഗത്ത് കോടികള്‍ വിലയിട്ട പല തലകളും അജ്ഞാതന്റെ വെടിയില്‍ ചിതറിത്തെറിച്ചെന്ന് പിറ്റേന്നുള്ള മാധ്യമങ്ങളില്‍ വായിക്കപ്പെട്ടു.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ, പാക്കിസ്ഥാന്‍ മണ്ണില്‍ കൊലപാതകങ്ങള്‍ ചെയ്തുവെന്ന ബ്രിട്ടിഷ് മാധ്യമമായ ദ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഭീകരബന്ധമുള്ളവര്‍ ഉള്‍പ്പടെ 20 പേരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നും അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ ഓഫീസ് നേരിട്ട് നിയന്ത്രിക്കുന്ന ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) വിദേശ മണ്ണില്‍ വസിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണത്തെ ഇന്ത്യ നിരസിച്ചു. ഏതെങ്കിലും രാജ്യത്തു കടന്നു കയറി അക്രമമുണ്ടാക്കുന്നത് ശീലമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, കാനഡ അടക്കം ഇന്ത്യന്‍ വിഘടന ശക്തികള്‍ക്കു പിന്തുണ നല്‍കുന്നവര്‍ക്ക്
താക്കീതായാണ് ഇക്കഴിഞ്ഞ ദിവസം യു എസിന്റെ പ്രതികരണം. പാകിസ്ഥാന്റെ ആരോപണങ്ങള്‍ അമേരിക്ക ശ്രദ്ധയോടെ പിന്തുടരുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ക്ക്
സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനും യുഎസ് അഭിപ്രായപ്പെട്ടു.

‘ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. അടിസ്ഥാനപരമായ ആരോപണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിപ്രായമൊന്നുമില്ല, പക്ഷേ തീര്‍ച്ചയായും, ഈ സാഹചര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ മില്ലറെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ ഓഫീസ് പാക്കിസ്ഥാനിലെ വ്യക്തികളെ വധിക്കാന്‍ ഉത്തരവിട്ടതായി നേരത്തേയും ആരോപണം ഉയര്‍ത്തിയിരുന്നു. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ വിശ്വസനീയമായ ആരോപണങ്ങളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെട്ടിരുന്നു.

അതിശക്തമായാണ് ഇന്ത്യ അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പറഞ്ഞു, ”ഏതെങ്കിലും ഭീകരന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടാല്‍ പാകിസ്ഥാനില്‍ പ്രവേശിച്ചും അവരെ ഇല്ലാതാക്കും.

രാജ്നാഥ് സിംഗിന്റെ പരാമര്‍ശങ്ങളെ സ്വാഭാവികമായും പാകിസ്ഥാന്‍ അപലപിച്ചു, ഇന്ത്യയുടെ ഭരണസംവിധാനം ‘അതി ദേശീയതയുടെ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതായും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി അത്തരം സംഭവങ്ങളെ ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഏതെങ്കിലും’ലക്ഷ്യത്തോടെയുള്ള കൊലപാതകങ്ങള്‍’ എന്ന പാക്ക് വ്ാദങ്ങള്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം തള്ളിക്കളയുന്നു. ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണമാണത് എന്ന് എന്ന് മന്ത്രാലയം വ്യക്തമാക്കി. ഫലപ്രദവും ലക്ഷ്യവേധ്യവുമായി മാറിയ ഇന്ത്യന്‍ വിദേശ നയത്തിന്റെ ശക്തി കൂടിയാണ് ഇത്തരം പ്രചാരണങ്ങളില്‍ ഇടപെടില്ലെന്ന അമേരിക്കന്‍ പ്രസ്താവന തെളിയിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശ നയം ഭാരതത്തിന്റ പരമാധികാരവും ശക്തിയും വിളിച്ചോതുന്നതാണ്. സൗമ്യമായ സിംഹങ്ങളല്ല ഗര്‍ജിക്കുന്ന സിംഹങ്ങളാണ് ഭാരതീയര്‍ എന്നു ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

Related Articles

Latest Articles