Tuesday, May 7, 2024
spot_img

അപകടം ക്ഷണിച്ചു വരുത്തരുത് സംയമനം പാലിക്കണം, പുറത്തിറങ്ങരുത്; വെടിനിർത്തൽ വരെ കാത്തിരിക്കണം; സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് വിദേശകാര്യ മന്ത്രി വി മുരളീധരന്റെ അഭ്യർത്ഥന

യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് സംയമനം പാലിക്കാനും വെടിനിർത്തൽ വരെ കാത്തിരിക്കാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ അഭ്യർത്ഥന. “ഉക്രെയ്നിലെ സുമിയിൽ കുടുങ്ങിയിരിക്കുന്ന കുട്ടികൾ ദയവായി സംയമനം പാലിക്കണം. എംബസിയുടെ നിർദ്ദേശമില്ലാതെ യുദ്ധഭൂമിയിൽ യാത്ര ചെയ്യരുത്. വെടിനിർത്തൽ വരെ കാത്തിരിക്കണം. ഇരു സർക്കാരുകളോടും ഐക്യരാഷ്ട്ര സഭയിലും രക്ഷാമാർഗം ഒരുക്കണമെന്ന് നാം അഭ്യർഥിച്ചിട്ടുണ്ട്. ദക്ഷിണ ഉക്രെയ്നിലെ താൽക്കാലിക വെടിനിർത്തൽ കേന്ദ്രങ്ങളിൽ എത്തുക പ്രായോഗികമല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. സുരക്ഷിത കേന്ദ്രങ്ങളിൽ ധൈര്യം കൈവിടാതെ അൽപം കൂടി കാത്തിരിക്കണമെന്ന് അഭ്യർഥിക്കുന്നു. മറക്കരുത്, ജീവനാണ് വലുത്”. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ നേരത്തെ വീഡിയോയിലൂടെ സഹായാഭ്യർത്ഥന നടത്തിയിരുന്നു. റെഡ് ക്രെസെന്റ് അടക്കമുള്ള ഏജൻസികളുമായി ഇന്ത്യ രക്ഷാമാർഗം ഒരുക്കുന്നത് സംബന്ധിച്ച ചർച്ചയിലാണെന്ന് ഇന്ത്യൻ എംബസി വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. റഷ്യൻ അതിർത്തിയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് സുമി. കനത്ത ഷെല്ലിങ് നടക്കുന്നതും യാത്രാമാർഗ്ഗങ്ങൾ ഇല്ലാത്തതും രക്ഷാ ദൗത്യത്തിന് തടസ്സമാകുന്നു.

Related Articles

Latest Articles