Tuesday, April 30, 2024
spot_img

വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യവുമായി വി എസ്; മുഖ്യമന്ത്രിയ്ക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് വി.എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല.

ഇടത് ആശയങ്ങളില്‍ പിഴവു വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നുമാണ് വിഎസ് പിണറായിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്.

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി എസ് ചൂണ്ടിക്കാട്ടി.

അതോടൊപ്പം, ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി എസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles