ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ അടുത്ത ഘട്ടത്തിലേക്ക്. മാർച്ച് 16 മുതൽ 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങും. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നല്കിത്തുടങ്ങും. നിലവിൽ 60 വയസ്സിനു മുകളിൽ മറ്റസുഖങ്ങൾ ഉള്ളവർക്കാണ് കരുതൽ വാക്‌സിൻ നൽകുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്,” മൻസുഖ് ഹിന്ദിയിൽ എഴുതിയ വാർത്ത ട്വിറ്ററിൽ പങ്കുവെക്കുകയും കുട്ടികളുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും കുടുംബങ്ങളോട് നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 12-14 വയസ് പ്രായമുള്ളവർക്ക് നൽകേണ്ട കൊറോണ വൈറസ് വാക്സിൻ ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമ്മിക്കുന്ന കോർബെവാക്സ് ആയിരിക്കും.

