Wednesday, September 23, 2026

വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിന് കാരണമായ ലുമിനസ് ടൂറിസ്റ്റ് ബസ് ഡ്രൈവർ കള്ളപ്പേരിൽ ചികിത്സ തേടിയതിന് ശേഷം കടന്ന് കളഞ്ഞു; ബസ്സിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഡ്രൈവര്‍ പോയതെന്ന് സംശയം

വടക്കാഞ്ചേരി: ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയിലിടിച്ചുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഒളിവിൽ പോയെന്ന് റിപ്പോർട്ട്. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോമോനാണ് ലുമിനസ് എന്ന ബസ് ഓടിച്ചത്. ഇയാള്‍ അപകടത്തിന് ശേഷം ഇ.കെ. നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം പുറത്തറിയിച്ചത് ആശുപത്രി അധികൃതരായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ഒന്നര മണിക്കൂറോളം പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവഴിച്ചശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

എറണാകുളത്തു നിന്നും ബസ്സിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഡ്രൈവര്‍ പോയതെന്നാണ് സംശയിക്കുന്നത്. ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. കൈയിലും കാലിലും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ചതവോ എല്ലുകള്‍ക്ക് പൊട്ടലോ സംഭവിച്ചിട്ടില്ലെന്ന് എക്‌സറേയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ജോമോന്‍ ആശുപത്രിയില്‍ താന്‍ അധ്യാപകനാണെന്നാണ് ആദ്യം അറിയിച്ചിരിക്കുന്നത്. ജോജോ പത്രോസ് എന്നാണ് ഇയാളുടെ പേര് പറഞ്ഞത്. സംശയത്തെ തുടര്‍ന്ന് പിന്നീട് കുറേ ചോദിച്ചശേഷമാണ് ഇയാള്‍ താന്‍ ഡ്രൈവറാണെന്ന് വെളിപ്പെടുത്തിയതെന്നും ജോമോനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ തന്റെ ബസ്സിന്റെ മുന്നിലായി സഞ്ചരിച്ചിരുന്നു. റോഡിന്റെ മധ്യത്തിലായാണ് കെഎസ്ആര്‍ടിസി ഓടിക്കൊണ്ടിരുന്നത്. ഹോണടിച്ച് വണ്ടിയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും കെഎസ്ആര്‍ടിസി ഇടതുഭാഗത്തേയ്‌ക്കെടുക്കുകയുമായിരുന്നു. ഇതോടെ ബസിന്റെ പിന്‍വശം തന്റെ ബസ്സില്‍ വന്നിടിച്ച് താന്‍ മറിഞ്ഞുവീഴുകയുമായിരുന്നു. അങ്ങനെയാണ് അപകടം സംഭവിച്ചെതെന്നാണ് ഡ്രൈവര്‍ അറിയിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

Related Articles

Latest Articles