Monday, May 27, 2024
spot_img

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കാക്ക’; വൈക്കം മുഹമ്മദ് ബഷീറുമായി മാമുക്കോയ പുലർത്തിയിരുന്നത് അപൂർവ്വ സൗഹൃദം

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട മലയാള സാഹിത്യത്തിന്റെ രാജകുമാരനായ വൈക്കം മുഹമ്മദ് ബഷീറുമായി വളരെ അടുത്ത വ്യക്തിബന്ധമാണ് മാമുക്കോയ പുലർത്തിയിരുന്നത്. ബേപ്പൂരിൽ ബഷീർ താമസം തുടങ്ങിയത് മുതൽ മാമുക്കോയ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനായതും ബഷീർസാഹിത്യവും ജീവിതവീക്ഷണവും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ‘കാക്ക’ എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോഴെല്ലാം കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ഇത്തരത്തിൽ ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ മാമുക്കോയ ധാരാളം കൈപ്പറ്റിയിട്ടുണ്ട് .

ബഷീറുമായുള്ള സൗഹൃദം നിരവധി സാഹിത്യകാരൻമാരുമായി സുഹൃത് ബന്ധം സൃഷ്ടിക്കാനും മാമുക്കോയയ്ക്ക് അവസരമൊരുക്കി. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഒഴിച്ച് കൂടാനാവാത്ത ഭാഗമായി. മാമുക്കോയയ്ക്ക് സുഹ്റയുടെ വിവാഹാലോചന കൊണ്ടുവന്നത് പൊറ്റെക്കാട്ട് ആയിരുന്നു. എസ്കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. എസ്.കെ, കോഴിക്കോട് അബ്ദുല്‍ഖാദർ, എം.എസ്.ബാബുരാജ് തുടങ്ങിയവരൊക്കെ മാമുക്കോയയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ് തുടങ്ങിയവരെല്ലാം മാമുക്കോയയുടെ സുഹൃത് വലയിലുള്ളവരായിരുന്നു.

Related Articles

Latest Articles