അന്തരിച്ച നടന്‍ മാമുക്കോയയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടൻ സായ് കുമാര്‍. മാമുക്കോയ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നുവെന്നും ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്നാണ് കരുതിയിരുന്നതെന്നും സായ് കുമാർ പറയുന്നു.
വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഒരുപാട് ഓര്‍മ്മകള്‍ മനസിലൂടെ ഇപ്പോൾ കടന്നുപോകുന്നുണ്ട്. ബാലകൃഷ്ണായെന്ന വിളിയാണ് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതെന്നും സായ് കുമാർ പറയുന്നു. നാടകത്തില്‍ കൂടിയാണ് ഞാനും അദ്ദേഹവുമൊക്കെ സിനിമയില്‍ വന്നത്. ഈ വേദന തീർച്ചയായും സഹിക്കാന്‍ പറ്റുന്നതല്ല. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായ് കുമാര്‍ കൂട്ടിച്ചേർത്തു.

