ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമ്യത് മഹോൽസവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ഇന്ന് രാജ്ഭവനിൽ തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ.പി.എസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ് എന്നീ സ്ഥാപനങ്ങളിലെ എച്ച് ഐ വി ബാധിതരായ കുട്ടികളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് വരുത്തി ആദരിക്കുകയും വിരുന്നും സ്നേഹോപഹാരങ്ങളും നൽകി ആഘോഷങ്ങൾക്ക് നന്ദി കുറിക്കുകയും ചെയ്തു.
അനാഥാലയങ്ങളിലെ അന്തേവാസികളെയും അനാഥരേയും രോഗബാധിതരേയും സഹായിക്കുന്ന രാജ്ഭവന്റെ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും.
അതേസമയം, ആസാദി കാ അമ്യത് മഹോൽസവത്തിന്റെ ഭാഗമായി പ്രമുഖരെ ആദരിക്കുന്നതിനോടനുബന്ധിച്ച് രാജ്ഭവൻ ദർബാർ ഹാളിൽ ഇന്ന് നടന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രതിഭകളായ സർവ്വശ്രീ. ദാമോദർ മൗസോ , ശ്രീമതി.ശ്രദ്ധ ഗരാഡ് , ഡോ. അനുജ ജോഷി, പ്രൊഫ. ധാനേശ്വർ പാട്ടീൽ എന്നിവർക്ക് ഗവർണർ ശ്രീ. പി.എസ്.ശ്രീധരൻ പിള്ള തങ്കപ്പതക്കം നൽകി ആദരിച്ചു.
കേരളത്തിൽ കോഴിക്കോട്ടു നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളും വന്ദ്യ വയോധികരുമായ ശ്രീ.പി.വാസു, ശ്രീ. തായാട്ട് ബാലൻ എന്നിവരേയും തങ്കപ്പതക്കം നൽകി ആദരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ആഗസ്റ്റ് പത്തൊമ്പതിന് കോഴിക്കോട്ടെത്തുന്ന ഗവർണർ ശ്രീ.പി.എസ് ശ്രീധരൻ പിള്ള ഇവരുടെ വസതികളിലെത്തി തങ്കപ്പതക്കം നൽകി ആദരിക്കും.

