ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ അജിത് കുമാർ നായകനായി എത്തിയ വലിമൈ തീയേറ്ററില്‍ റിലീസ് ചെയ്തത്. ‘നേർക്കൊണ്ട പാർവൈ’,‘തീരൻ’ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് ‘വലിമൈ’ സംവിധാനം ചെയ്‌തിരിക്കുന്നത്.
ചിത്രം റിലീസ് ദിവസം വാരിക്കൂട്ടിയത് റെക്കോര്‍ഡ് തുകയാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് തമിഴ്‌നാട്ടില്‍ ആദ്യദിനം ലഭിച്ചത് 36.17 കോടി രൂപയാണ്. നേരത്തെ 2021ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ് റെക്കോര്‍ഡ് തുക ലഭിച്ചത്. ചിത്രം ചെന്നൈയില്‍ മാത്രം 1.82 കോടി നേടി. ലോകമെമ്പാടുമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ അത് 50 കോടി വരെയാകാമെന്നാണ് കണക്കാക്കപ്പടുന്നത്.
വലിമൈയുടെ വിതരണ അവകാശം തമിഴ്‌നാട്ടില്‍ 62കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രം കര്‍ണാടകയില്‍ 5.5 കോടിക്കും കേരളത്തില്‍ 3.5 കോടിയ്ക്കുമാണ് വിതരണക്കാര്‍ ഏറ്റെടുത്തത്.
ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരങ്ങളായ പേളി മാണി, ദിനേഷ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്’.
ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് ‘വലിമൈ’ക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. തമിഴ്‌നാട്ടില്‍ യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവവുമായി ‘വലിമൈ’യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

