Saturday, October 10, 2026

വന്ദേമാതരം’ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; ലോക്‌സഭയും ബിൽ പാസാക്കി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാകും

ന്യൂദില്ലി: ‘വന്ദേമാതരം’ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന വന്ദേമാതരം ബിൽ ലോക്‌സഭയും പാസാക്കി. നേരത്തെ രാജ്യസഭയും ബിൽ അംഗീകരിച്ചിരുന്നു. ഇതോടെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമായി പ്രാബല്യത്തിൽ വരും. വന്ദേമാതരം വെറും ഒരു ഗാനമല്ലെന്നും, ഭാരതത്തിന്റെ ആത്മാവിനെയും ദേശീയബോധത്തെയും സാംസ്കാരിക പൈതൃകത്തെയും സ്വാതന്ത്ര്യസമരത്തിന്റെ ഓർമകളെയും പ്രതിനിധീകരിക്കുന്ന ദേശീയ പൈതൃകമാണെന്നും രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി. ബില്ലിനെ എതിർത്ത കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. ദേശീയ അഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കോൺഗ്രസ് പ്രീണന രാഷ്ട്രീയം പിന്തുടരുകയാണെന്നും മന്ത്രി ആരോപിച്ചു.

അപമാനിച്ചാൽ എന്ത് ശിക്ഷ?

ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വന്ദേമാതരത്തെ മനപ്പൂർവം അപമാനിക്കുകയോ, അതിന്റെ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.

ആലാപനത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ബില്ലിൽ ഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ സർക്കാർ ചടങ്ങുകളിലും വന്ദേമാതരം ആലപിക്കുകയോ അവതരിപ്പിക്കുകയോ വേണം.
ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് ഗാനം അവതരിപ്പിക്കണം.
ഗാനത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണം.
പൂർണ ആലാപനത്തിന് ഏകദേശം 3 മിനിറ്റ് 10 സെക്കൻഡ് സമയമെടുക്കും.
ആലാപന സമയത്ത് എല്ലാവരും ശ്രദ്ധാപൂർവം ആദരവോടെ നിൽക്കണം.
സ്കൂളുകളിൽ പ്രഭാത പ്രാർത്ഥനയ്ക്ക് മുമ്പ് വന്ദേമാതരം പ്ലേ ചെയ്യുകയോ ആലപിക്കുകയോ വേണം.
വന്ദേമാതരത്തിന്റെ ചരിത്രം

ബങ്കിംചന്ദ്ര ചട്ടോപാധ്യായയാണ് വന്ദേമാതരം രചിച്ചത്. സംസ്കൃതവും ബംഗാളിയും ഇടകലർന്ന ഭാഷയിലാണ് ആറ് ചരണങ്ങളുള്ള ഈ ഗാനം രചിച്ചിരിക്കുന്നത്. ബങ്കിംചന്ദ്രയുടെ പ്രശസ്ത നോവലായ ‘ആനന്ദമഠ’ത്തിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1896-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പൊതുവേദിയിൽ ആലപിക്കപ്പെട്ടത്. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ പ്രതീകമായി വന്ദേമാതരം മാറുകയും ദേശീയബോധത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുകയും ചെയ്തു.

Related Articles

Latest Articles