Thursday, October 1, 2026

കറുത്ത മാസ്ക് അണിഞ്ഞ് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായി വീണ തൈക്കണ്ടിയിൽ; മാസപ്പടി കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിൽ ഇ.ഡിയ്ക്ക് മുന്നില്‍. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ഹാജരായത്. ഭര്‍ത്താവും മുൻ മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസില്‍ എത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് വീണ എത്തിയിരുന്നില്ല. വീണയോടെപ്പം അഭിഭാഷകയും എത്തിയിട്ടുണ്ട്. രാവിലെ 10.30 ഓടെയാണ് ചോദ്യംചെയ്യലിനായി കറുത്ത കാറിൽ കറുത്ത മാസ്ക് അണിഞ്ഞ് വീണ എത്തിയത്. വെറുമൊരു സാധാരണ ചോദ്യം ചെയ്യലിനപ്പുറം, മുൻമുഖ്യമന്ത്രിയുടെ കുടുംബം നേരിട്ട് കള്ളപ്പണ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നുവെന്നത് കേസിന്റെ ഗൗരവം ഇരട്ടിക്കുന്നുണ്ട്. ഇതോടെ കേസ് നിർണ്ണായക വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. മാത്രമല്ല അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലും ഇപ്പോഴും പാർട്ടിയിലെ ഉന്നതൻ സംശയ നിഴലിൽ തന്നെയാണ്.

ഇന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ വിവരങ്ങളും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. പിഎംഎല്‍എ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിഎംആര്‍എല്ലിന് എക്‌സാലോജിക് നല്‍കിയിട്ടുള്ള സേവനങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുക. 2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവര്‍ ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നു. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർത്തയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരൺ എസ് കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ് എസ് കര്‍ത്ത.

Related Articles

Latest Articles