Saturday, May 4, 2024
spot_img

വെള്ളനാട് കരടി ചത്ത സംഭവം;ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

വെള്ളനാട്: വെള്ളനാട് കരടി ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. പൊതുതാൽപ്പര്യ ഹർജി കോടതി മെയ് 25 ലേക്ക് മാറ്റി.

കരടി ചാകാൻ കാരണം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ്. വനം വന്യ ജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ മയക്കുവെടി വയ്ക്കരുതെന്നാണ് ചട്ടമുള്ളത്. ഇത്തരം ചട്ടങ്ങൾ ലംഘിച്ചാണ് വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ദൗത്യം നടത്തിയത്. അതിനാൽ തന്നെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ 20നാണ് വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടിയെ രക്ഷാദൗത്യത്തിന്റെ ഭാഗമായി മയക്കുവെടി വയ്ക്കുകയും തുടർന്ന് കരടി മുങ്ങി ചാകുകയും ചെയ്തത്.

Related Articles

Latest Articles