Thursday, October 1, 2026

സംസ്ഥാനത്ത് ഇന്ന് മഴ അതിശക്ത മഴ! രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെയും അറബിക്കടലിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ പ്രവചിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴയുടെ തീവ്രത കൂടുതൽ അനുഭവപ്പെടാൻ സാധ്യത. തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന അതിശക്തമായ സാഹചര്യമാണിത്.
ഇതിനു പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച വടക്കൻ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും തിങ്കളാഴ്ച എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലുമായാണ് നിലവിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇതിനൊപ്പം തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്.
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെയും കർണാടക തീരത്ത് ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം

Related Articles

Latest Articles