Thursday, May 9, 2024
spot_img

ഊട്ടിയിലെ സൈനിക ഹെലികോപ്റ്റർ അപകടം; വീരസൈനികൻ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്; യാത്രാമൊഴി നൽകാൻ ഒരുങ്ങി ജന്മനാട്

തൃശ്ശൂർ:തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.

ദില്ലിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മൃതദേഹത്തെ അനുഗമിക്കും. 11 മണിയോടെ സൂലൂർ വ്യോമത്താവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമാണ് തൃശ്ശൂരിലെത്തിക്കുക.

തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്‌കാരം. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തും.

കഴിഞ്ഞ ദിവസമാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം പ്രദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്തിരുന്നു.

അതേസമയം തൃശൂർ പുത്തൂർ സ്വദേശിയായ പ്രദീപ് അറക്കൽ 2004 ലാണ് സൈന്യത്തിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുത്തു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തു.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരണപ്പെട്ട കുനൂരിലെ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Related Articles

Latest Articles