Saturday, April 27, 2024
spot_img

‘ശബരിമല പരമ്പരാഗത കാനനപാത ഉടൻ തുറക്കണം’; സർക്കാരിൻ്റെയും ദേവസ്വം ബോർഡിന്റെയും നടപടികൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: അയ്യപ്പ സ്വാമിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ നടന്നിട്ടുള്ള പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്ന എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനനപാത ഭക്തർക്ക് ഉടൻ തുറന്നു നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്.

സർക്കാരും ദേവസ്വം ബോർഡും ചില കച്ചവടക്കരുടെ സ്വാർത്ഥ സാമ്പത്തിക താൽപ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാനനപാത അടച്ചിട്ടിരിക്കുന്നത് എന്നും കോവിഡിൻ്റെ പേരിൽ അടച്ച തീയേറ്ററുകളും വിദ്യാലയങ്ങളും തുറന്നിട്ടും വലിയ തിരക്കില്ലാത്ത കാനനപാത അടഞ്ഞുതന്നെ കിടക്കുന്നതിൻ്റെ പിന്നിലെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളിൽ ഭക്തജനങ്ങൾ ആശങ്കാകുലരാണ് എന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.

പേരുർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാള കെട്ടി, അഴുത വഴിയുള്ള കാനനപാത സ്ഥിരമായി അടച്ചിട്ടാൽ പിന്നീട് ഈ വഴിത്താര ഉപയോഗശൂന്യമായി എന്നു വരുത്തി തീർത്ത് സ്ഥിരമായി അടച്ചിടുക എന്ന ഗൂഢലക്ഷ്യവും സർക്കാരിനും ബോർഡിനും ഉള്ളതായി സൂചനകൾ ലഭ്യമാണ് എന്നും പൂർണ തീർത്ഥാടനം എന്ന ആഗ്രഹ പ്രകാരം കഠിന വ്രതാനുഷ്ഠാനങ്ങളോടു കൂടി കാനനപാത വഴി ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ താൽപ്പര്യത്തിന് വിഘാതമായാണ് സർക്കാരും ബോർഡും പ്രവർത്തിക്കുന്നതെങ്കിൽ ആയിരകണക്കിന് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ  ആചാര സംരക്ഷണാർത്ഥം കാനനപാത വഴി വെട്ടിത്തെളിച്ച് വൃത്തിയാക്കി ശബരിമല തീർത്ഥാടനം ചെയ്യുന്നതാണ് എന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

മാത്രമല്ല അത് തടയാൻ ശ്രമിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകും എന്നും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി പരമ്പരാഗത കാനനപാത തീർത്ഥാടനത്തിന് ഉടൻ തന്നെ അനുയോജ്യമാക്കാൻ ഹൈക്കോടതി ഇടപെടീൽ ആവശ്യമാണ് എന്നും ഭക്തജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരിൻ്റെയും ദേവസ്വം ബോർഡിന്റെയും നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles