Sunday, June 16, 2024
spot_img

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ വിജയ് ബാബു ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിജയ് ബാബു ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരിക്കും ഹർജി പരിഗണിക്കുക.

നടിയുമായുളള വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.

വിജയ് ബാബു ഇന്നലെ എത്തുമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതേ തുടർന്നാണ് കോടതി ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരുന്നത്. എന്നാൽ അപേക്ഷ പരിഗണിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ യാത്ര മാറ്റിയതായി അറിയിക്കുകയായിരുന്നു. ഇതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും മാറ്റി. നടൻ നേരിട്ടെത്താതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം.

അതേസമയം ഇന്ന് ഹാരജായില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നടൻ എത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ വിജയ് ബാബുവിനെ വിദേശത്ത് എത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്യും.

 

Related Articles

Latest Articles