Monday, May 6, 2024
spot_img

വിപ്ലവകാരികളായ ദേശാഭിമാനികളുടെ ചക്രവർത്തി “സവർക്കർ” ഇന്ന് വീർ സവർക്കർ സ്മൃതിദിനം

ഇന്ന് ഫെബ്രുവരി 26. വീർ സവർക്കർ (Vinayak Damodar Savarkar)സ്മൃതി ദിനം. ഭാരതസ്വാതന്ത്ര്യത്തിനായുള്ള വിപ്ലവപ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ച ആദ്യത്തെ ഭാരതീയനായിരുന്നു വീർ സവർക്കർ എന്ന വിനായക് ദാമോദർ സവർക്കർ. കാരിരുമ്പാണികളെ തൂലികയാക്കി ആൻഡമാൻ തടവറയിലെ കരിങ്കൽ ഭിത്തികളിൽ ആത്മ രക്തം കൊണ്ട് ദേശഭക്തിയുടെ ജ്വലിക്കുന്ന കാവ്യങ്ങൾ കോറിയിട്ട വിപ്ലവകാരി എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചരിത്രകാരന്മാർ പറയുന്നത്. വിപ്ലവത്തിന്റെ ഹോമജ്വാലയിൽ തന്റെ തീക്ഷ്ണയൗവ്വനത്തെ ഹവിസ്സായി മാറ്റിയ സമരങ്ങളുടെ രാജകുമാരനായിരുന്നു അദ്ദേഹം.

സവർക്കറുടെ ആദ്യകാലം

1883 മെയ് 28ാം തീയതി ദാമോദര്‍ പന്തിന്റെയും രാധാഭായിയുടെയും മകനായി നാസിക്കിനടുത്തുള്ള ഭാഗൂരിലാണ് സവര്‍ക്കര്‍ ജനിച്ചത്. തന്റെ 9ാം വയസ്സില്‍ അമ്മയേയും 16ാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട സവര്‍ക്കറെ പിന്നീട് വളര്‍ത്തിയത് മൂത്ത ജ്യേഷ്ഠനായ ഗണേശായിരുന്നു. പ്ലേഗ് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയ റാന്‍ഡിനെ ചാപ്പേക്കര്‍ സഹോദരങ്ങള്‍ വെടിവച്ചു കൊന്നു. ഇവരെ 1899 മേയ്മാസത്തില്‍ തൂക്കിക്കൊന്നു. സ്വജീവരക്തം രാഷ്ട്രത്തിനായി ഒഴുക്കിയ ചാപ്പേക്കര്‍ സഹോദരന്മാരുടെ ജീവത്യാഗം സവര്‍ക്കറെ ആവേശം കൊള്ളിച്ചു. ‘നിങ്ങളുയര്‍ത്തിയ പോരാട്ടക്കൊടി ഞങ്ങളിതാ കയ്യേല്‍ക്കുന്നു പോരതു തുടരാന്‍ ഞങ്ങളിതാ പോര്‍ച്ചട്ടയുമായ് സന്നദ്ധം’ എന്ന വരികള്‍ അദ്ദേഹത്തിന്റെ കവിത്വഗുണത്തെയും വിപ്ലവ വാഞ്ചയെയും കാണിക്കുന്നു. താന്‍ ഉള്‍കൊണ്ട ജീവിതദൗത്യത്തിന്റെയും സിദ്ധാന്തത്തിന്റെയും പ്രചാരണത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ സുഹൃത്തുക്കളിലേയ്ക്ക് തന്റെ ആശയങ്ങള്‍ എത്തിക്കുകയും ഗണേശോല്‍സവവും ശിവജി ഉത്സവവും സംഘടിപ്പിക്കുകയും ചെയ്തു.

ഇക്കാലത്ത് മിത്രമേള അഭിനവ ഭാരത് എന്നീ സംഘടനകളുടെ സംഘാടനത്തിലൂടെ നിരവധി യുവാക്കളെ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ പ്രതികരിക്കാന്‍ പ്രാപ്തനാക്കി. ഫെര്‍ഗ്യൂസന്‍ കോളേജില്‍ ബിഎക്ക് പഠിച്ചുവരവെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാള്‍ വിഭജനം നടപ്പിലാക്കി. ഇതിനെതിരെ സവര്‍ക്കറുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് വിദേശ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ജ്വലിക്കുന്ന ഈ സംഭവത്തെ പറ്റി ബാലഗംഗാധന തിലകന്‍ പ്രതികരിച്ചത് ഇങ്ങനെ ‘ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുസ്ഥാനില്‍ നിന്നുയരുന്ന ആദ്യത്തെ തീപ്പൊരി, ഇതിന്റെ ജ്വാല അടുത്തുതന്നെ ഇംഗ്ലണ്ടിലെത്തും’. തിലകന്റെ ശുപാര്‍ശ പ്രകാരം ലണ്ടനില്‍ ശ്യാംജി കൃഷ്ണവര്‍മ്മയുടെ നേതൃത്വത്തില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പോടെ ലണ്ടനിലെത്തി. 1906 അവസാനം ‘ജോസഫ് മസീനി ജീവചരിത്രവും രാഷ്ട്രീയവും’ എന്ന പുസ്തകം എഴുതി.

മസ്സീനി ഇറ്റലിയെ സ്വതന്ത്രയാക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ ഇന്ത്യന്‍ ജനതയോട് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷെ ഈ കൃതി സര്‍ക്കാര്‍ കണ്ടുകെട്ടി. 1907ല്‍ ഇംഗ്ലണ്ടില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 55ാം വാര്‍ഷികം ഇന്ത്യാ ഹൗസില്‍ അഭിനവഭാരതത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. നാനാസാഹിബിന്റെയും ഝാന്‍സിറാണിയുടെയും താന്ത്യാതോപ്പിയുടെയും ആവേശകരമായ വീരചരിതത്തെ ഭയന്ന ബ്രിട്ടീഷുകാര്‍ 1857ലെ വിപ്ലവത്തെ ശിപായിലഹള എന്ന് പരിഹസിച്ചിരുന്നു. ഇന്ത്യന്‍ ഓഫീസ് ലൈബ്രറിയില്‍ നിന്നും മറ്റും കിട്ടിയ രേഖകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത്. 1857ലെ സമരത്തിന്റെ വസ്തുനിഷ്ടമായ ചരിത്രം, 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ സവര്‍ക്കര്‍ പ്രസിദ്ധീകരിച്ചു. പക്ഷെ ചരിത്രത്തിലാദ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുന്നേ. ഈ പുസ്തകം ബ്രിട്ടീഷുകാര്‍ നിരോധിച്ചു. പക്ഷെ മറാത്തിയിലെഴുതിയ പുസ്തകം രഹസ്യമായി ഹോളണ്ടിലയച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത് ഭഗത്സിംഗാണ്. നാലാം പതിപ്പ് സുഭാഷ് ചന്ദ്രബോസും.

മദന്‍ലാല്‍ ധിംഗ്ര എന്ന ധീര വിപ്ലവകാരി കഴ്‌സണ്‍വാലിയെയും, കന്‍ഹാര കാര്‍വെ ജാക്‌സണേയും വെടിവച്ചുകൊന്ന കേസുകളില്‍ പീഡനകുറ്റം ചുമത്തി സവര്‍ക്കര്‍ക്കെതിരെ 1910 ഫെബ്രുവരി 22ന് ലണ്ടനിലെ ബോസ്റ്റിക്ക് കോടതി അറസ്റ്റു വാറണ്ടു പുറപ്പെടുവിച്ചു. സവര്‍ക്കറെ 1910 മാര്‍ച്ച് 2ന് അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും അതിന്റെ തലവനായ ചക്രവര്‍ത്തിക്കും എതിരെ ഗൂഡാലോചന നടത്തി, ആയുധങ്ങള്‍ ഒളിച്ചു കടത്തി, ഇന്ത്യയിലും ഇംഗ്ലണ്ടിലും രാജ്യദ്രോഹപരമായ പ്രസംഗങ്ങള്‍ നടത്തി തുടങ്ങിയവയായിരുന്നു സവര്‍ക്കര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. 1910 ജൂലൈ 1ന് എസ്.എസ്. മോറിയ എന്ന കപ്പലില്‍ ലണ്ടനില്‍ നിന്ന് ഭാരതത്തിലേക്ക് കൊണ്ടുവരവെ യന്ത്രത്തകരാര്‍ മൂലം ഫ്രഞ്ച് തീരമായ മാര്‍സെയ്ല്‍സില്‍ നങ്കൂരമിട്ടു. ഈ തക്കത്തിന് അവസരം പാഴാക്കാതെ കപ്പലിലെ കക്കൂസിലെ വിടവിലൂടെ ഞെങ്ങിഞെരുങ്ങി കടലില്‍ ചാടി. ഗാര്‍ഡുകള്‍ വെടിവച്ചെങ്കിലും സവര്‍ക്കര്‍ കരയിലെത്തി. ഫ്രഞ്ച് പോലീസിന്റെ സഹായത്തോടെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു. 68 ദിവസത്തെ വാദത്തിനുശേഷം 1910 ഡിസംബര്‍ 23ന് സവര്‍ക്കറുടെ സ്വത്തുകള്‍ കണ്ടുകെട്ടുക, രണ്ട് ജീവപര്യന്തം (50 വര്‍ഷം തടവ്) നാടുകടത്താനും വിധിയായി. 1911 ജൂലൈ 4ന് ആൻഡമാനിലെ കുപ്രസിദ്ധ സെല്ലുലാര്‍ ജയിലിലായി. ജയില്‍വാസത്തിനിടയ്ക്ക് അദ്ദേഹം മറ്റ് ജയില്‍പുള്ളികളുമായി സൗഹാര്‍ദ്ദപരമായി ഇടപെട്ടു. തന്റെ വിശ്രമസമയം അവരെ പഠിപ്പിക്കുന്നതിനായും ചെലവഴിച്ചു. ജയിലുകള്‍ക്ക് സവര്‍ക്കറുടെ കാവ്യപ്രതിഭയെ ചങ്ങലയ്ക്കിടാന്‍ സാധിച്ചില്ല. ഭിത്തി കടലാസ്സായും കൈവിലങ്ങുകള്‍ തൂലികയാക്കിയും തന്റെ ജീവ രക്തമാകുന്ന മഷികൊണ്ട് അദ്ദേഹം കാവ്യങ്ങള്‍ കോറിയിട്ടു. കമല, കോമന്തകം, മഹാസാഗരം എന്നിവ കാരാഗൃഹത്തില്‍ നിന്ന് പിറവികൊണ്ട കാവ്യങ്ങളാണ്. ആൻഡമാനിൽ നിന്ന് തിരികെ ഭാരതത്തിലെ ജയിലുകളില്‍ രത്‌നഗിരിയിലും യാര്‍വാദയിലുമായി നാല് വര്‍ഷവും പിന്നീട് പരോള്‍ തടവുകാരനായി പതിമൂന്ന് വര്‍ഷം കഴിഞ്ഞു.

27 കൊല്ലങ്ങളാണ് അദ്ദേഹം തടവില്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ജയില്‍ ദിനങ്ങള്‍ ഒരിക്കലും സുഖകരമായിരുന്നില്ല. മനുഷ്യനാണ് എന്ന പരിഗണനപോലും ലഭിക്കാതെ ഏറ്റവും ക്രൂരവും ഭീകരവുമായ രീതിയിലായിരുന്നു സവര്‍ക്കറുടെ ജയില്‍ ദിനങ്ങള്‍. അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദുസാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ . ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.അതേസമയം വിപ്ലവകാരിയെന്ന നിലയില്‍ സമാനതകളില്ലാത്ത ജീവിതമായിരുന്നു സവര്‍ക്കറുടേത്. അട്ടക മുതല്‍ കട്ടക് വരെയും കാശ്മീരം മുതല്‍ കന്യാകുമാരി വരെയുമുള്ള ഭാരതഭൂമിയുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്ക് വേണ്ടി ഒഴിഞ്ഞ് വെച്ചതായിരുന്നു സവര്‍ക്കറുടെ ജീവിതം. 1966 ഫെബ്രുവരി 26ാം തീയതി തന്റെ 83ാം വയസ്സില്‍ മരണമടയുന്നത് വരെയും വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്ന കാപട്യമില്ലാത്ത ജീവിതമായിരുന്നു

Related Articles

Latest Articles