Saturday, May 4, 2024
spot_img

ഇന്ന് വിഷ്ണു ശയന പദ്മ ഏകാദശി; ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് വിഷ്ണു പ്രസാദത്താൽ ഐശ്വര്യവും മോക്ഷവും ലഭിക്കുന്നു, ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ ഫലസിദ്ധി നൽകുന്നു

ഇന്ന് വിഷ്ണു ശയന പദ്മ ഏകാദശി. മഹാവിഷ്ണു വര്‍ഷത്തിൽ നാലുമാസം നിദ്രയിൽ പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉണർന്നിരിക്കുന്നതിനെ അടിസ്ഥാനമാക്കി ഉത്ഥാനയെന്നും ഏകാദശികളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ശയന എന്ന പത്മഏകാദശി മുതൽ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഹരിബോധിനി ഏകാദശിയായ ഉത്ഥാന ഏകാദശി വരെയാണ് ഭഗവാന്റെ പള്ളിയുറക്കം. ശയന കാലത്തെ ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് വിഷ്ണു പ്രസാദത്താൽ ഐശ്വര്യവും മോക്ഷവും ലഭിക്കും എന്ന് കരുതപ്പെടുന്നു.

ലോക ഗതിവിഗതികളെ നിയന്ത്രിക്കുന്ന അനന്തൻറെ മുകളിലിരുന്ന് ധർമ്മ പരിപാലനം ചെയ്യുന്ന ശ്രീ മഹാവിഷ്ണു നാലുമാസത്തേയ്ക്ക് ശേഷ നാഗൻറെ മുകളിൽ കിടന്ന് ഉറങ്ങാൻ തുടങ്ങുന്ന ദിവസമാണ് ശയന ഏകാദശി. മുൻകാലങ്ങളിൽ ക്ഷേത്ര വിഷയങ്ങളിലല്ലാതെയുള്ള ശുഭമുഹൂർത്തത്തിന് ഈ നാല് മാസങ്ങൾ പരിഗണിച്ചിരുന്നില്ല. ഉപനയനം, വിവാഹനിശ്ചയം, വിവാഹം, ഗൃഹനിർമ്മാണം, ഗൃഹപ്രവേശം തുടങ്ങിയ പല ചടങ്ങുകൾക്കും ഈ നാലുമാസങ്ങൾ ഇന്നും ഭാരതത്തിന്റെ പലഭാഗങ്ങളിലും പരിഗണിക്കാറില്ല.

ആരോഗ്യസ്ഥിതിയനുസരിച്ച് പൂർണോപവാസമായോ അർദ്ധോപവാസമായോ അന്നവർജ്ജ്യ, രസവർജ്ജ്യമായോ അനുഷ്ഠിക്കുക. അരിയാഹാരം വർജ്ജിക്കുന്ന വ്രതമാണ് അന്നവർജ്ജ്യം എരിവ്, ഉപ്പ്, പുളി, മധുരം എന്നിവ വർജ്ജിക്കുന്ന വ്രതമാണ് രസവർജ്ജ്യ വ്രതം. മൗനവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാകരുതപ്പെടുന്നു.

ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയറ്, പുഴുക്ക്, പഴവര്‍ഗ്ഗങ്ങൾ എന്നിവയും ഭക്ഷിക്കാം. ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തിൽ രാത്രി ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും നന്ന്. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തിൽ തുളസീതീർഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിക്കാത്തവര്‍ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീർഥം സേവിച്ച് പാരണവിടണം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തിൽ ഒന്നുംതന്നെ ഭക്ഷിക്കാതെ ഇരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയിൽ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ ഫലസിദ്ധി നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.

Related Articles

Latest Articles