Friday, May 17, 2024
spot_img

വിസ്മയ കേസ് ;അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണം ;ഹർജി തള്ളി ഹൈക്കോടതി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഹൈകോടതി. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണമെന്ന പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി. കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നതെങ്കിലും ഇത് ഒന്നിച്ച് പത്ത് വര്‍ഷമാക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ശിക്ഷ നടപ്പാക്കുന്നത് തന്റെ അപ്പീലില്‍ വിധി വരുന്നത് വരെ തടയണമെന്നാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. രണ്ട് ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

ഐപിസി 304 B വകുപ്പ് പ്രകാരം 10 വര്‍ഷം തടവും, 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും, രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടയ്ക്കാതിരുന്നാല്‍ ആറ് മാസം തടവും വിധിച്ചു. 498 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും 50,000 രൂപ പിഴയും പിഴ ഈടാക്കാത്ത പക്ഷം മൂന്ന് മാസം തടവും വിധിച്ചു. സ്ത്രീധന നിരോധന നിയമ പ്രകാരം 6 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാതിരുന്നാല്‍ 18 മാസം തടവും സെക്ഷന്‍ 4 അനുസരിച്ച് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും പിഴ അടയ്ക്കാതിരുന്നാല്‍ 15 ദിവസം തടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയായ പന്ത്രണ്ട് ലക്ഷത്തി അമ്പത്തയ്യായിരം രൂപയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനുമായിരുന്നു വിധി .

Related Articles

Latest Articles