Thursday, May 2, 2024
spot_img

ജമ്മുകശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ഒഐസിക്ക് യാതൊരു അവകാശവുമില്ല,
പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം
ഒഐസി സെക്രട്ടറി ജനറൽ താഹയ്ക്ക് മറുപടിയുമായി ഇന്ത്യ

ദില്ലി : ഒഐസി സെക്രട്ടറി ജനറലിന്റെ പാക് അധീന കശ്മീർ സന്ദർശനത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ സെക്രട്ടറി ജനറൽ ഹിസ്സെയ്ൻ ബ്രാഹിം താഹ പാക് അധീന കശ്മീരിൽ ഡിസംബർ 10 മുതൽ 12 വരെ സന്ദർശനം നടത്തുകയും ജമ്മുകശ്മീരിനെക്കുറിച്ച് വിവാദ പരാമർശം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

പാക് അധീന കശ്മീരുമായും പരിസര മേഖലകളുമായും ബന്ധമുള്ള കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ താഹയ്‌ക്ക് അധികാരമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അനാവശ്യമായി തടയിടാനുമുള്ള ഒഐസിയുടെയും അതിന്റെ സെക്രട്ടറി ജനറലിന്റെയും ശ്രമങ്ങൾ ഒരുകാരണവശാലും അംഗീകരിക്കില്ല. ഒഐസിയുടെ വിശ്വാസ്യത നേരത്തെ തന്നെ നഷ്ടപ്പെട്ടതാണ്. പല വിഷയങ്ങളിലും പക്ഷപാതപരവും വസ്തുതകൾക്ക് നിരക്കാത്തതുമായ സമീപനം സ്വീകരിച്ച് ഒഐസി വിശ്വാസത്യത ഇല്ലാതാക്കിയെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു.

പാകിസ്ഥാൻ സന്ദർശനത്തിനിടെ താഹ നടത്തിയ കശ്മീർ പരാമർശവും പാക് അധീന കശ്മീർ സന്ദർശനവും ഇന്ത്യ ശക്തമായി അപലപിക്കുകയാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ഒഐസിക്ക് യാതൊരു അവകാശവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണെന്നും പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേർത്തു.

പ്രശ്‌നങ്ങളുണ്ടായപ്പോൾ ഒഐസി സ്വീകരിച്ച വർഗീയ സമീപനമാണ് അവരുടെ വിശ്വാസ്യത നഷ്ടമാക്കിയത്. പാകിസ്ഥാന്റെ മുഖപത്രമായി മാറിയിരിക്കുകയാണ് ഒഐസിയുടെ സെക്രട്ടറി ജനറൽ. അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നീചമായ അജണ്ടയിൽ നിന്നും ഒഐസി വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.

Related Articles

Latest Articles