Monday, April 29, 2024
spot_img

ആവേശം ചൈനീസ് ക്രെയിനിന് സ്വീകരണം നൽകുന്നതിൽ മാത്രം !വിഴിഞ്ഞം പദ്ധതി എം ഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് 338.61 കോടി ; സർക്കാർ അനുവദിച്ചത് 16.25 കോടി മാത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി ക്രെയ്‌നുകളുമായി വന്ന ചൈനീസ് കപ്പലിന്, തുറമുഖത്തിന്റെ ഉദ്‌ഘാടനമാണ് നടക്കുന്നതെന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ സ്വീകരണം നൽകിയത് വലിയ വാർത്തയായിരുന്നു. 67.55 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്.

സ്വീകരണം നാടറിയിച്ച് നടത്തിയെങ്കിലും വിഴിഞ്ഞം പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് രേഖകൾ തെളിയിക്കുന്നത്. 338.61 കോടി രൂപ അനുവദിക്കണമെന്നായിരുന്നു വിഴിഞ്ഞം പദ്ധതി എം ഡി യുടെ ആവശ്യണെങ്കിലും ഈ മാസം 13 ന് ഫിഷറിസ്, തുറമുഖ വകുപ്പിൽ നിന്നിറങ്ങിയ ഉത്തരവ് പ്രകാരം 16.25 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്.

വിഴിഞ്ഞം ഉൾപ്പെടെയുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 360 കോടി 2023-24 ലെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്നും 2023 സെപ്റ്റംബറിന് മുൻപ് 338. 61 കോടി അനുവദിക്കണമെന്നായിരുന്നു എം.ഡി. കത്ത് മുഖേന ആവശ്യപ്പെട്ടത്. കത്ത് പരിശോധിച്ച ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി തലവനായ ഉന്നതതല കമ്മറ്റി 16.25 കോടി അനുവദിക്കാമെന്ന് ജൂണിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, പണം അനുവദിക്കാൻ വീണ്ടും നാല് മാസം എടുത്തു.

സ്വീകരണത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ധനവകുപ്പ് 16.25 കോടി അനുവദിച്ചത്. തുറമുഖത്തിന്റെ ചുറ്റുമതിൽ കെട്ടുന്നതിന് ഒരു കോടി രൂപ, പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിന് 50 ലക്ഷവും സീ ഫുഡ് പാർക്കിന്റെ ഡിപിആർ തയാറാക്കുന്നതിന് രണ്ട് കോടി രൂപ, ഭരണപരമായ ചിലവുകൾക്കും സേവനങ്ങൾക്കുള്ള പ്രതിഫലമായി ആറ് കോടി രൂപ, ആർബിട്രേഷൻ ഫീസായി അഞ്ച് കോടി രൂപ, വെബ്‌സൈറ്റിനായി 25 ലക്ഷം, പിആർ സെല്ലിനായി 1.50 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വിഴിഞ്ഞത്തിന് വേണ്ടി 16.25 കോടി അനുവദിച്ച സമയത്ത് കേരളീയം പരിപാടിക്ക് 27.12 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് വേണ്ടി വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തിൽ സംസ്ഥാന സർക്കാർ 818 കോടി രൂപയും കേന്ദ്രസർക്കാർ 418 കോടി രൂപയും അദാനിക്ക് നൽകാനുണ്ട്. 818 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles