Saturday, May 4, 2024
spot_img

വിഴിഞ്ഞം സമരം;മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണവും ഭീഷണിയും; ശക്തമായി പ്രതിഷേധിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ

തിരുവനന്തപുരം : വിഴിഞ്ഞം സമരം റിപ്പോർട്ട്‌ ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ ക്യാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .സമരം റിപ്പോർട്ട്‌ ചെയ്തു മടങ്ങവെയാണ് മാധ്യമ സംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിക്കാൻ ആരംഭിച്ചത്.സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം.

ആക്രമണത്തിൽ മീഡിയ വൺ, ഏഷ്യാനെറ്റ്‌ ചാനലുകളുടെ ക്യാമറകൾ തകർത്തു.കൂടാതെ കൈരളി, ഏഷ്യാനെറ്റ്‌, മീഡിയ വൺ, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു. വൈദികർ അടക്കമുള്ളവർ വനിത മാധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിൽ സംസാരിച്ചു.

അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്യാമറ നശിപ്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.അക്രമ വിവരം അറിഞ്ഞയുടൻ തന്നെ യൂണിയൻ ജനറൽ സെക്രട്ടറി ആർ കിരൺബാബു സഭാ നേതൃത്വവുമായി സംസാരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Related Articles

Latest Articles