Saturday, April 27, 2024
spot_img

ഏപ്രില്‍ എട്ടുവരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാം; പേര് വിട്ടുപോയാല്‍ ടോള്‍ ഫ്രീ നമ്പറില്‍ നിങ്ങള്‍ക്ക് വിവരം അറിയിക്കാം

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ എട്ടുവരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാം. എന്നാല്‍, മാര്‍ച്ച്‌ 25 ന് മുമ്പ് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ ഓഫീസ് അറിയിച്ചു. www.nvsp.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പേര് നീക്കം ചെയ്യല്‍, തിരുത്തല്‍ വരുത്തല്‍ അപേക്ഷകള്‍ തെരഞ്ഞെടുപ്പിനു ശേഷമേ പരിഗണിക്കൂ. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ വോട്ടര്‍പ്പട്ടിക പരിശോധിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് നമ്പര്‍.

അതേസമയം കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 30നും 39 വയസ്സിനും ഇടയിലുള്ളവര്‍ മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 56,92,617 പേരാണ് ഈ വിഭാഗത്തിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 16.6 ശതമാനം. പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച 2,61,778 പേര്‍ 18-19 വയസ്സുകാരാണ്. 20 മുതല്‍ 29 വരെ പ്രായമുള്ള വിഭാഗത്തില്‍ 45,00,023 പേരും 40-49 വിഭാഗത്തില്‍ 54,38,178 പേരും 50-59 വിഭാഗത്തില്‍ 44,83,458 പേരും 60-69 വിഭാഗത്തില്‍ 30,74,255 പേരും 70-79 വിഭാഗത്തില്‍ 14,51,504 പേരുമാണുള്ളത്. 80 വയസ്സിനു മുകളിലുള്ള 5,06,898 പേരും പട്ടികയിലുണ്ട്.

ജനുവരി 30ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷം പുതുതായി പേര് ചേര്‍ക്കുന്നതിന് രണ്ടു ലക്ഷം അപേക്ഷ ലഭിച്ചു. ഇവയിലുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള പട്ടിക പ്രകാരം സംസ്ഥാനത്ത് മൊത്തം 2,54,08,711 വോട്ടര്‍മാരുണ്ട്. ഇത്തവണ 24,970 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 44,436 വിവിപാറ്റുകളും 32,772 ബാലറ്റ് യൂണിറ്റുകളും 35,393 കണ്‍ട്രോള്‍ യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വിവിപാറ്റുണ്ടാകും. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 900 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണ്ടിരുന്നതെങ്കില്‍ ഇത്തവണ അത് 750 ആയി കുറഞ്ഞിട്ടുണ്ട്.

Related Articles

Latest Articles