Sunday, September 20, 2026

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് വഖഫ് ബോർഡ്; ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

ട്രിച്ചി: ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിന്റെ ആകെ അവകാശം തങ്ങൾക്കാണെന്ന വാദവുമായി വഖഫ് ബോർഡ് രംഗത്ത്. ട്രിച്ചിക്ക് സമീപത്തെ തിരുച്ചെന്തുറൈ ഗ്രാമം വഖഫ് സ്വത്താണെന്ന് തമിഴ്നാട് വഖഫ് ബോർഡ് വ്യക്തമാക്കി. തന്റെ പേരിലുള്ള 1 ഏക്കർ 2 സെന്റ് ഭൂമി വിൽക്കാൻ രാജഗോപാൽ എന്ന കർഷകൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ സമീപിച്ച രാജഗോപാലിനോട്, വിൽപ്പന ഇപ്പോൾ നടക്കില്ലെന്ന് അറിയിച്ചു. ഭൂമി നിലവിൽ രാജഗോപാലിന്റെ പേരിലല്ലെന്നും അത് വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലാണെന്നും രജിസ്ട്രാർ അറിയിച്ചു. വിൽപ്പന സാധുവാകണമെങ്കിൽ വഖഫ് ബോർഡിന്റെ സാക്ഷ്യപത്രം വേണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടു.

1992ൽ താൻ വില കൊടുത്ത് വാങ്ങിയ ഭൂമി വിൽക്കാൻ എന്തിനാണ് വഖഫ് ബോർഡിന്റെ അനുമതി എന്നാണ് രാജഗോപാൽ ചോദിക്കുന്നത്. ഇതിന് മറുപടിയായി, തിരുച്ചെന്തുറൈ ഗ്രാമത്തിന്റെ അവകാശം തങ്ങൾക്കാണെന്ന് കാട്ടി വഖഫ് ബോർഡ് സമർപ്പിച്ച കത്ത് രജിസ്ട്രാർ രാജഗോപാലിനെ കാണിച്ചു. ഗ്രാമത്തിലെ ഭൂമി വിൽക്കാൻ ആര് എത്തിയാലും തങ്ങളിൽ നിന്ന് എതിർപ്പില്ലാ രേഖ ഹാജരാക്കാതെ രജിസ്ട്രേഷൻ നടത്തരുതെന്നും വഖഫ് ബോർഡ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

സംഭവം ഗ്രാമത്തിൽ അറിഞ്ഞതോടെ, സത്യാവസ്ഥ വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഗ്രാമവാസികൾ ജില്ലാ കളക്ടറെ സമീപിച്ചു. വിഷയം ഏറ്റെടുത്ത് ബിജെപി രംഗത്തെത്തി. ഹിന്ദുക്കൾ ഭൂരിപക്ഷമായ തിരുച്ചെന്തുറൈ ഗ്രാമം എങ്ങനെ വഖഫ് ബോർഡിന് സ്വന്തമാകുമെന്ന് ബിജെപി ചോദിച്ചു. 1500 വർഷം പഴക്കമുള്ള ചന്ദ്രശേഖര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുച്ചെന്തുറൈ. 369 ഏക്കറാണ് ഗ്രാമത്തിന്റെ വിസ്തൃതി. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും റവന്യൂ സർട്ടിഫിക്കറ്റുകളും കർഷകരുടെ പക്കൽ ഉണ്ടെന്നിരിക്കെ, നിഷ്കളങ്കരായ ഗ്രാമീണരെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ നീക്കം അനുവദിക്കില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

Related Articles

Latest Articles